Friday, April 8, 2011

പ്രണയിക്കുന്നു ഈ നാടിനെ...

ചില നാടുകളെ നമുക്ക് പ്രണയിക്കാതിരിക്കാന്‍ പറ്റില്ല. എത്ര വെറുക്കാന്‍ ശ്രമിച്ചാലും നമ്മുടെ മനസ്സില്‍ കയറി കൂടുന്ന ചില അപ്രതീക്ഷിത പ്രണയബന്ധങ്ങളെ പോലെയാണത്. ഒരു കള്ളനെ പോലെ പതുങ്ങി വന്ന് മനസ്സിലെ ഇഷ്ടം കവര്‍ന്ന നാടാണ് എനിക്ക് കൊച്ചി. കൊച്ചിയെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്ന് മനസ്സു തിരിച്ചറിയുന്നതു പോലും വളരെ വൈകിയാണ്. അതുവരെ എന്റെ ഇഷ്ടം കോഴിക്കോടിനോടു മാത്രമായിരുന്നു.

കോഴിക്കോടായിരുന്നു എന്നുമെന്റെ ഒബ്‌സെഷന്‍. കോഴിക്കോടുകാരിയാണെന്ന് പറയാനായിരുന്നു എന്നും ഇഷ്ടം. അതൊരര്‍ത്ഥത്തില്‍ കള്ളമാണെങ്കില്‍ കൂടി ഞാന്‍ അങ്ങനെ തന്നെ പറഞ്ഞു പോന്നു. (ആ കള്ളത്തെ ന്യായീകരിക്കാന്‍ എന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന വാദം, കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഞാന്‍ പിറന്നതെന്ന സത്യം മാത്രമായിരുന്നു) സത്യത്തില്‍ എന്റെ അയല്‍നാടായിരുന്നു കോഴിക്കോട്. കൃത്യമായി പറഞ്ഞാല്‍ വീട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്. കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും അതിര്‍ത്തി വേര്‍ത്തിരിക്കപ്പെടുന്ന പതിനൊന്നാം മൈല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ അന്നൊക്കെ ഓരോ തവണയും ഞാന്‍ നെടുവീര്‍പ്പിട്ടിട്ടുണ്ട്, കോഴിക്കോടിനു കുറച്ചു കൂടി മുന്നോട്ടു വളരാമായിരുന്നു എന്ന്. കോഴിക്കോടന്‍ മണ്ണിന്റെ ഭാഗമാവാനുള്ള കൊതി കൊണ്ടാണ് ദിവസം 80 കിലോമീറ്റര്‍ യാത്ര ചെയ്ത് കോഴിക്കോട്ടെ കോളേജില്‍ പോയി പഠിച്ചത്. ഒരു കോഴിക്കോട്ടുകാരന്‍ പയ്യനെ വിവാഹം കഴിച്ച് വരുംകാലങ്ങളിലെങ്കിലും കോഴിക്കോട്ടുകാരിയാവണം എന്നതായിരുന്നു എന്റെ വിവാഹസ്വപ്‌നം. ( ജീവിതത്തില്‍ ആ കിനാവ് യാഥാര്‍ത്ഥ്യമായത് യാദൃശ്ചികം. )

ഏതു നാട്ടില്‍ പോയാലും കോഴിക്കോടിലെ മനുഷ്യരെ കുറിച്ച്, അതിഥിസ്‌നേഹത്തെ കുറിച്ച്്, ആത്മാര്‍ത്ഥതയെ കുറിച്ച്, രുചിപെരുമയെ കുറിച്ച്, നല്ലവരായ ഓട്ടോക്കാരെ കുറിച്ച് പറയാന്‍ ഒരവസരം കിട്ടിയാല്‍ അറിയാതെ വാചാലയായി പോവുമായിരുന്നു ഞാന്‍. ജോലി തേടി 5 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ വരുമ്പോഴും മനസ്സു നിറയെ കോഴിക്കോടു തന്നെയായിരുന്നു. ഒരുപാട് കാശൊക്കെ സമ്പാദിച്ച് തിരിച്ച് പോയി കോഴിക്കോടന്‍ മണ്ണില്‍ സ്ഥിരതാമസമാക്കണം എന്നായിരുന്നു ആഗ്രഹം.

നഗരത്തിന്റെ ധാര്‍ഷ്ട്യങ്ങളെല്ലാം ഉള്ള ഒരു നാടായിരുന്നു എന്റെ കണ്ണില്‍ കൊച്ചി. കൊതുകും മാല്യന്യവും കൊണ്ട് ജീവിതം ദുസ്സഹമാവുന്ന ഒരിടം. നാട്ടിന്‍പ്പുറത്തെ വീട്ടില്‍, എല്ലാ ജനല്‍ വാതിലുകളും തുറന്നിട്ടു നിലാവിനേയും ചന്ദ്രനെയും കണ്ട് ഇളം കാറ്റേറ്റ് ഉറങ്ങി ശീലിച്ച എനിക്ക് ജയിലറ പോലെയായി കൊച്ചി പലപ്പോഴും. ഒരിക്കലും തുറക്കാത്ത ജനവാതിലുകള്‍, ഇനി അഥവാ തുറന്നാലും അവയ്ക്കു അലങ്കാരം പോലെ നെറ്റ് അടിച്ചിരിക്കും. കാറ്റിന് പലപ്പോഴും ദുര്‍ഗന്ധത്തിന്റെ അകമ്പടി. തെളിനീരുറവ പോലെയുള്ള വെള്ളം കിണറില്‍ നിന്നു കോരി കുടിച്ചു ശീലിച്ച ഞാന്‍ ക്ലോറിന്‍ ചുവയുള്ള കുടിവെള്ളം അറപ്പോടെ കുടിച്ചിറക്കി. അപരിചിതത്വം അലങ്കാരമായി കൊണ്ടു നടക്കുന്ന സഹപ്രവര്‍ത്തകരേയും അയല്‍വാസികളേയും കണ്ട് സങ്കടം തോന്നി. സ്‌നേഹം എന്തെന്നറിയണമെങ്കില്‍ എന്റെ കോഴിക്കോട്ടേക്കു വാാാ എന്ന് മനസ്സില്‍ കൊച്ചിയെ വെല്ലുവിളിക്കുകയായിരുന്നു അന്നൊക്കെ.


ഒരു കസേരയില്‍ കുറച്ചു ദിവസം ഇരുന്നാല്‍ അതിനോടു പോലും ആത്മബന്ധം തോന്നിപ്പോവുകയും അവിടെ നിന്ന് മാറി ഇരിക്കേണ്ടി വന്നാല്‍ സങ്കടപ്പെടുകയും ചെയ്യുന്നത്ര ഇമോഷണല്‍ സിക്ക്‌നെസ്സ് ഉള്ള ഞാന്‍ പക്ഷേ കൊച്ചിയില്‍ മനസ്സിനിഷ്ടപ്പെട്ട ഒരു കൂടു തേടി എത്രയോ നാളുകള്‍ അലഞ്ഞു തിരിഞ്ഞു. 5 വര്‍ഷത്തിനിടെ 11 താമസസ്ഥലങ്ങള്‍!!! ഫോര്‍ട്ടു കൊച്ചി, ബോള്‍ഗാട്ടി, തേവര, കടവന്ത്ര, പനമ്പള്ളി നഗര്‍, വടുതല.... അപ്പോഴൊക്കെ കലശമായ ദേഷ്യത്തോടെയും സങ്കടത്തോടെയും വെറുക്കുകയായിരുന്നു കൊച്ചിയെ. അതിരൂക്ഷമായ സമ്മര്‍ദ്ദങ്ങളിലാണ് പലപ്പോഴും ആ വെറുപ്പ് എന്നെ കൊണ്ടെത്തിച്ചത്. മതി ഈ നാട്ടിലെ ജീവിതം എന്നു കലി പൂണ്ട് കോഴിക്കോട്ടേക്കു തന്നെ പോവാന്‍ ഒരുങ്ങി. പക്ഷേ വിട്ടിട്ടു പോവാന്‍ കഴിയാത്ത എന്തോ ഒന്ന് എപ്പോഴും ഈ നഗരത്തോടെന്നെ ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു, വെറുത്ത് വെറുത്ത് പ്രണയിക്കുകയായിരുന്നല്ലോ ദൈവമേ ഞാനീ നഗരത്തെ!

ഇന്ന്, ഈ നഗരം എത്ര ആഴത്തില്‍ എന്റെ ഉള്ളില്‍ വേരുകളാഴ്ത്തിയിരിക്കുന്നു എന്നറിയണമെങ്കില്‍ കുറച്ചു ദിവസം ഇവിടെ വിട്ടു നിന്നാല്‍ മാത്രം മതി. പ്രിയപ്പെട്ടതെന്തോ പിന്നില്‍ ഉപേക്ഷിക്കപ്പെട്ടതു പോലെ ഒരു വേദന എന്നെ പൊതിയും.... കല്ലുമ്മക്കായും നിറയെ സ്‌നേഹവുമായി എപ്പോഴും മനസ്സിനേയും ഓര്‍മ്മകളേയും തരളിതമാക്കുന്ന ഭര്‍ത്തൃവീടിന്റെ തണലില്‍ നില്‍ക്കുമ്പോഴും കൊച്ചി തിരികെ വിളിക്കുന്ന പോലെ തോന്നും. ഒരാഴ്ച ഈ നശിച്ച നാട്ടില്‍ നിന്ന് മാറി നിന്നേക്കാം എന്നു കരുതി കോഴിക്കോട്ടേക്കു വണ്ടി കയറിയ ഞാന്‍ ഓരോ തവണയും ലീവ് വെട്ടി കുറച്ച് പെട്ടെന്നു തന്നെ തിരികെ ഓടിവരുന്നു, കൊച്ചിയിലെ വാടകവീട്ടിലേക്ക്. അപ്പോഴൊക്കെ ഞാനറിയും, ഈ നഗരത്തോട് എന്റെ ഉള്ളില്‍ അടക്കാനാവാത്ത പ്രണയം വളരുന്നുവെന്ന്.

ഈ നഗരം തന്ന അനുഭവങ്ങള്‍ ഏറെയാണ്. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആ പഴയ കോഴിക്കോടുകാരിയല്ല ഇപ്പോള്‍ ഞാന്‍. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഈ നഗരം തന്ന പാഠങ്ങള്‍ അവ ഒരുപാട് മാറ്റിയിരിക്കുന്നു എന്നെ. ഓര്‍മ്മകളുടെ ഒരു കടലാണ് ഈ നഗരം ഇന്നെനിക്ക്. ദര്‍ബാര്‍ ഹാളിലെ പച്ചപ്പ്, ഹനുമാന്‍ കോവില്‍, സുഭാഷ് പാര്‍ക്കിലെ കായല്‍ക്കാറ്റ്, മറൈന്‍ ഡ്രൈവിന്റെ തിരക്ക്, ബോള്‍ഗാട്ടിയുടെ ശാന്തത, ഫോര്‍ട്ട്‌കൊച്ചിയിലെ ചീനവലകള്‍, മട്ടാഞ്ചേരിയുടെ ചരിത്രമുറങ്ങുന്ന വീഥികള്‍, വൈപ്പിന്‍ ബീച്ചിലെ ആ ഒറ്റമരം, ചെമ്മീന്‍ കെട്ടിനരികിലെ പ്രിയ സുഹൃത്തിന്റെ വീട്, തൃപ്പൂണിത്തുറയുടെ ആഢ്യത്വം, ചെറായി ബീച്ചിന്റെ വശ്യത, കലൂരിന്റെ അഴിയാത്ത ട്രാഫിക് കുരുക്ക്, ഒബ്‌റോണ്‍ മാളിലെ ഉല്‍സവങ്ങള്‍, ലൂര്‍ദ്ദ് ഹോസ്പിറ്റലിന്റെ വരാന്തയില്‍ നിന്നു കണ്ട അഴകുള്ള ഒരു മഴ, ഗോശ്രീ പാലത്തിലെ കാഴ്ചകള്‍, വല്ലാര്‍പ്പാടം പള്ളി, ചിറ്റൂര്‍ ക്ഷേത്രം, വളരുന്ന കാക്കനാടിന്റെ കുട്ടിപ്രായം, ലോര്‍ഡ്‌സ് കോട്ടേജ്, തേവര മാര്‍ക്കറ്റ്, ബ്രോഡ് വേയിലൂടെ ഒഴുകുന്ന പുരുഷാരം, കോണ്‍വെന്റ് ജംഗ്ഷനിലെ സുന്ദരികള്‍, എം ജി റോഡിലൂടെയുള്ള അലസ ഗമനം, കൊച്ചിയിലെ തിയേറ്ററുകള്‍, ഗ്രാഫിറ്റിയിലെ ഷോപ്പിംഗ്, നഗരത്തിരക്കുകളില്‍ കുടുങ്ങാതെ പോക്കറ്റു റോഡുകളിലൂടെയുള്ള രക്ഷപ്പെടല്‍, ഞായറാഴ്ചയിലെ ഗുരുദ്വാര്‍ മധ്യാഹ്നങ്ങള്‍, സിലോണ്‍ ഹോട്ടലിലെ ബിരിയാണി, കറിലീഫിലെ പെപ്പര്‍ ചിക്കന്‍, റിയല്‍ അറേബ്യയിലെ ഗ്രില്‍ഡ് ചിക്കന്‍, പനമ്പള്ളി നഗറിലെ പോഷ് വീഥികള്‍, ആന്ധ്രാമീല്‍സ്, ലോ ഫ്‌ളോര്‍ ബസ്സിലെ രാജകീയ യാത്ര, കൊച്ചിക്കാരുടെ ഞങ്ങ, നിങ്ങ വിളികള്‍ തുടങ്ങി ഓര്‍മ്മകളുടെ ഓരോ പൊതിയഴിക്കുമ്പോഴും കാണും കൗതുകങ്ങളുടെയും സന്തോഷത്തിന്റെയും നൂറുനൂറു മിഠായികള്‍! ഇനിയൊരിക്കലും ഇവിടെ വിട്ടു പോവാന്‍ കഴിയാത്ത വിധം എന്റെ ഉള്ളില്‍ വേരുറച്ചു പോയിരിക്കുന്നു കൊച്ചി.

Friday, December 10, 2010

ധനുഷ്‌കോടി എന്ന ദുഖപുത്രി

ആ കടല്‍ക്ഷോഭം തകര്‍ത്തത്‌ ധനുഷ്‌ക്കോടിയുടെ സ്വപ്‌നങ്ങളാണ്‌. കടല്‍പ്പക ഇനിയും തീര്‍ന്നിട്ടില്ലെന്നു തോന്നുന്നു. തരം കിട്ടുമ്പോഴൊക്കെ കയറി വന്ന്‌ ധനുഷ്‌ക്കോടിയെ തിന്നു തീര്‍ക്കുകയാണ്‌ കടല്‍. കടലും കാറ്റും സദാ അലറിക്കൊണ്ടിരിക്കുന്ന കടല്‍ത്തുരുത്തില്‍ ഇപ്പോഴും ജീവിതമുണ്ടെന്നതാണ്‌ വിസ്‌മയം. വിജനതയുടെ വെള്ളമണല്‍ വിരിച്ച മണ്ണിലേക്ക്‌്‌ ധനുഷ്‌ക്കോടിയിലേക്ക്‌്‌ ഒരു യാത്ര!

ഭൂമി ഒരറ്റത്ത്‌ അവസാനിക്കുകയാണ്‌, ധനുഷ്‌ക്കോടിയിലെത്തുമ്പോള്‍. കടലെടുത്ത നഗരത്തിന്റെ കടലിലേക്കിറങ്ങി നില്‍ക്കുന്ന തുരുത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക്‌ മണിമാളികകള്‍ സ്വപ്‌നം കാണാന്‍ കഴിയില്ല.

ആയിരങ്ങളുടെ വിശ്വാസങ്ങളും സ്വപ്‌നങ്ങളും തകര്‍ത്തെറിഞ്ഞ മണ്ണാണിത്‌. 1946 ലെ കടല്‍ക്ഷോഭത്തിലായിരുന്നു അത്‌. നഗരവും റെയില്‍വേ ട്രാക്കും തകര്‍ന്നു തരിപ്പണമായി. വിനോദസഞ്ചാരികളായ കുട്ടികളെയും കൊണ്ടു വന്ന ട്രെയിനിന്റെ സ്‌റ്റീം എഞ്ചിനും ബോഗികളും അപ്പാടെ കടലിലേക്ക്‌ ഒഴുകിപ്പോയി. ഒരു നിമിഷത്തിന്റെ വികാരവായ്‌പ്പില്‍ കടല്‍ കരകയറിയപ്പോള്‍ള്‍ തകര്‍ന്നത്‌ നാടിന്റെ പൈതൃകം തന്നെ!


ഒരിക്കല്‍ പേരും പെരുമയും സൗഭാഗ്യങ്ങളും നിറഞ്ഞ നഗരമായിരുന്നു ധനുഷ്‌ക്കോടി. പാസ്‌പോര്‍ട്ട്‌ ഓഫീസും റെയില്‍വേ സ്‌റ്റേഷനും ജനസാന്ദ്രതയുണ്ടായിരുന്ന ഒരിടം. ആ ധനുഷ്‌ക്കോടിയാണിന്ന്‌ പ്രേതഭൂമി പോലെ! സൂക്ഷിച്ചു നോക്കിയാല്‍ ഒരു ദു::പുത്രിയുടെ മുമുണ്ടവള്‍ക്ക്‌. കടലില്‍ നിന്നും 40 കിലോമീറ്ററോളം നീളത്തില്‍ ദു:വും പേറി കിടക്കുന്ന ധനുഷ്‌ക്കോടി അവസാനിക്കുന്നത്‌ അരിച്ചില്‍ മുനയിലാണ്‌. ഇവിടെയാണ്‌ ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ഒന്നിക്കുന്നത്‌.


രഥവും സാരഥിയും
രാമേശ്വരത്തു നിന്ന്‌ ധനുഷ്‌ക്കോടിയിലേക്ക്‌ പോകാന്‍ രാമേശ്വരം ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്സുകളും സ്വകാര്യ ടാക്‌സികളുമാണ്‌ ശരണം. എന്നാല്‍ ബസ്സുകളൊക്കെ ഇന്ത്യന്‍ നേവിയുടെ അധീനതയിലുള്ള ഫോര്‍വേര്‍ഡ്‌ ഒബ്‌സര്‍വേഷന്‍ പോസ്‌റ്റ്‌ വരെ ഉള്ളൂ. ധനുഷ്‌ക്കോടിയുടെ മുനമ്പു വരെ പോകണമെന്നാണ്‌ യാത്രാ ഉദ്ദേശ്യമെങ്കില്‍ മീന്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന വലിയ ടെമ്പോ വാനോ ജീപ്പോ മാത്രമാണ്‌ ശരണം.

ജീപ്പ്‌ മതിയെന്നു തീരുമാനിച്ചു. രാവിലെ 10 മണിയോടു കൂടി ഞങ്ങളെ പിക്ക്‌ ചെയ്യാന്‍ ഡ്രൈവര്‍ രാജയെത്തി. രാമേശ്വരം സ്വദേശിയാണ്‌ രാജ. ജീപ്പെന്നു പറഞ്ഞാല്‍ പട്ടിണികിടന്ന്‌ എല്ലും തോലുമായ ഒരു പേക്കോലമാണെന്ന്‌ രാജ വന്നപ്പോഴാണ്‌ മനസ്സിലായത്‌. തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു രാജയുടെ രഥം. ഭൂതകാലത്തെങ്ങോ ഇതുമൊരു ജീപ്പായിരുന്നുു കൂട്ടത്തിലാരോ കമന്റടിച്ചു.

യാത്ര ആരംഭിച്ചപ്പോള്‍ കാറ്റും ഞങ്ങള്‍ക്കൊപ്പം കൂടി; മ്പൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ ശബ്‌ദവുമായി. ഉണക്കമീനിന്റെ തീക്ഷണഗന്ധമുള്ള വീഥിയിലൂടെ രഥം മുന്നോട്ട്‌. ഒരു വീടിനു മുന്നിലെത്തിയപ്പോള്‍ രാജ വണ്ടി നിര്‍ത്തി. അത്‌ മുന്‍ രാഷ്‌ട്രപതി എ. പി. ജെ. അബ്‌ദുള്‍ കലാമിന്റെ വീടായിരുന്നു. മത്സ്യഗന്ധങ്ങള്‍ക്കിടയില്‍ വളര്‍ന്ന ബാലനാണല്ലോ നമ്മുടെ ശാസ്‌ത്രലോകത്ത്‌ വിജയങ്ങളുടെ സുഗന്ധം പരത്തുന്നവരുടെ മുന്‍പന്തിയിലെത്തിയതെന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി; ഒപ്പം അഭിമാനവും.


റോഡിന്‌ ഇരുവശവും നാട്ടുകരുവടൈ മരങ്ങളും കാറ്റാടി മരങ്ങളും. പ്രകൃതി നല്ല തോട്ടക്കാരന്‍ തന്നെ; ചാതുര്യത്തോടെ എല്ലാം വെട്ടിയൊതുക്കി വെച്ചിരിക്കുന്നു.
ധനുഷ്‌ക്കോടിയിലെത്തിയപ്പോള്‍ എതിരേറ്റത്‌ ഒന്നു നന്നായി കാറ്റടിച്ചാല്‍ പറന്നു പോകുമെന്ന ഭാവത്തില്‍ നില്‍ക്കുന്ന ഓലപ്പുരകളാണ്‌. ഇവിടെ വൈദ്യുതി ഇല്ല. ഒരു മൊബൈലിനും റേഞ്ചുമില്ല. തീര്‍ത്തും ഒറ്റപ്പെട്ട ഒരിടം. ധനുഷ്‌ക്കോടിയിലേക്ക്‌ യാത്ര തിരിക്കും മുന്‍പ്‌ ഞങ്ങളുടെ തമിഴ്‌നാട്‌ സുഹൃത്ത്‌ സണ്‍ ടിവി റിപ്പോര്‍ട്ടര്‍ ലോകനാഥന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു, വല്ലതും കഴിക്കണമെന്നുണ്ടെങ്കില്‍ രാമേശ്വരത്തു നിന്നും വാങ്ങി കയ്യില്‍ പിടിച്ചുകൊള്ളൂ; അവിടെ ചിലപ്പോള്‍ പച്ചവെള്ളം കിട്ടിയെന്നു വരില്ല. സംഗതി സത്യം!

ഫോര്‍വേര്‍ഡ്‌ ഒബ്‌സര്‍വേഷന്‍ പോസ്‌റ്റും പിന്നിട്ട്‌ ജീപ്പ്‌ മുന്നോട്ട്‌ കുതിച്ചു. ഇവിടം മുതല്‍ യാത്ര അല്‍പ്പം കഠിനമാണ്‌. പലവട്ടം ജീപ്പ്‌ മണലില്‍ പുതഞ്ഞുപോയി. അപ്പോഴെല്ലാം സമര്‍ത്ഥനായ തേരാളിയുടെ കയ്യടക്കത്തോടെ രാജ ജീപ്പുയര്‍ത്തിയെടുത്തു. മണല്‍ച്ചുഴികളിലും എന്തൊരു അനുസരണയാണ്‌ തേരിന്‌ സാരഥിയോട്‌!

തകര്‍ന്ന പള്ളിയും ഒറ്റപ്പെട്ട ശിവലിംഗവും
കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന പള്ളിയാണ്‌ ധനുഷ്‌ക്കോടിയിലെ പ്രധാന കാഴ്‌ച. ചുമരുകള്‍ മാത്രമേ ബാക്കിയുളളൂവെങ്കിലും പള്ളിയുടെ തലയെടുപ്പിന്‌ ഒട്ടും കോട്ടം തട്ടിയിട്ടില്ല. പള്ളിയ്‌ക്കു ചുറ്റും നൂറോളം കുടിലുകള്‍. മീന്‍ പിടിച്ചും മുത്തുകള്‍ ശേരിച്ചും അവ കോര്‍ത്തും ഇവിടുത്തുകാര്‍ ജീവിക്കുന്നു; എല്ലാം തകര്‍ത്തെറിഞ്ഞ മണ്ണും കടലും വിട്ടു പോകാന്‍ ഇവരെ മനസ്സനുവദിക്കുന്നില്ല. അതേസമയം ശ്രീലങ്കയില്‍ നിന്നും കടല്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക്‌ ഇല്ലായ്‌മയിലും ആതിഥ്യമരുളാന്‍ ധനുഷ്‌ക്കോടി മറക്കുന്നില്ല. ധനുഷ്‌ക്കോടിയില്‍ നിന്നും കഷ്‌ടിച്ച്‌ 35 കിലോമീറ്ററേ ഉള്ളൂ ശ്രീലങ്കയിലേക്ക്‌.

തകര്‍ന്ന റെയില്‍വേ സ്‌റ്റേഷനും പാസ്‌പോര്‍ട്ട്‌ ഓഫീസും കണ്ടു നടക്കുന്നതിനിടയില്‍ കണ്ടു, തകര്‍ന്നടിഞ്ഞ മണ്ണില്‍ ഒറ്റയ്‌ക്കൊരു ശിവലിംഗം! അതിനു ചുറ്റും ഓടി നടക്കുകയാണ്‌ ഉള്ളാന്‍ കുരുവികള്‍ (വലിയ കാലുള്ള ഒരു തരം പക്ഷി). രാമസേതുവിനടുത്ത്‌ കടല്‍ത്തീരത്ത്‌ പിതൃക്കള്‍ക്ക്‌ ബലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്ക്‌.

നീച്ചല്‍ കാളി
നീച്ചല്‍ കാളിയാണ്‌ ധനുഷ്‌ക്കോടിയുടെ ചരിത്രം പറഞ്ഞു തന്നത്‌. ധനുഷ്‌ക്കോടിയില്‍ ഇന്നുള്ളതില്‍ വെച്ച്‌ ഏറ്റവും പ്രായമുള്ള വ്യക്‌തിയാണ്‌ കാളി. കടല്‍ നീന്തി പലതവണ ശ്രീലങ്കയില്‍ പോയ കാളി 46 ലെ ആ കടല്‍ക്ഷോഭത്തിന്‌ സാക്ഷിയാണ്‌. നീന്തി നീന്തി ലങ്കയോളം ചെന്നതു കൊണ്ടാണ്‌ കാളിയ്‌ക്ക്‌ നീച്ചല്‍ കാളിയെന്ന പേരു വീണത്‌. എം ജി ആര്‍ അണ്ണന്‍ നേരിട്ട്‌ വന്ന്‌ ചാര്‍ത്തി തന്നതാണ്‌ നീച്ചല്‍ പട്ടമെന്നാണ്‌ കാളിയുടെ അവകാശവാദം.സംഗതി എന്തായാലും ധനുഷ്‌ക്കോടിക്കാര്‍ക്ക്‌ കാളി പ്രിയങ്കരനാണ്‌. പണ്ട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ നിന്നിടത്താണ്‌ ഇന്ന്‌ കാളിയുടെ താമസം. കാളിയുടെ വാസസ്‌ഥലത്തോട്‌ ചേര്‍ന്നുള്ള ചെറുകിണര്‍ നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. പത്തടി ദൂരെ ഉപ്പുവെള്ളം ചീറ്റി കടല്‍ ആഞ്ഞടിക്കുമ്പോഴും ചെറു കിണറില്‍ നിന്നും തെളിഞ്ഞ ശുദ്ധജലം കിട്ടുന്നു. ഇവിടുത്തുകാര്‍ കുടിക്കാന്‍ വെള്ളമെടുക്കുന്നത്‌ ചെറിയ കിണറില്‍ നിന്നാണ്‌. കിണറിനും വെള്ളത്തിനും കാവലായി കാളി കിണറ്റിന്‍ കരയില്‍ തന്നെയുണ്ട്‌. പൊരി മണലിലും മണല്‍ക്കാറ്റിലും ദാഹിച്ച്‌ വലഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക്‌ ചെറിയ തൊട്ടി കൊണ്ട്‌ വെള്ളം ഒഴിച്ചു കൊടുക്കുന്ന കാളിയും ഒരത്ഭുതം തന്നെ. പകര്‍ന്നു തന്ന ദാഹജലത്തിന്‌ പകരമായി തുട്ടുകള്‍ പോക്കറ്റില്‍ തിരഞ്ഞ ഒരു യാത്രക്കാരനെ കാളി വിലക്കി: കാളിയ്‌ക്ക്‌ ഒന്നും തരേണ്ട, കാളിയ്‌ക്കുള്ളത്‌ ധനുഷ്‌ക്കോടി തന്നു കൊള്ളും.പ്രതീക്ഷിക്കാത്ത ഒരാള്‍
അപ്രതീക്ഷിതമായ ഒരു സമാഗമം കൂടി! ഓര്‍ക്കാപ്പുറത്തെ ആ ഒരാള്‍ പി. കൃഷ്‌ണമൂര്‍ത്തിയായിരുന്നു. മലയാളി മറക്കാന്‍ ഇടയില്ല മൂര്‍ത്തിയെ, വൈശാലിയുടെയും പെരുന്തച്‌ഛന്റെയും ഒരു വടക്കന്‍ വീരഗാഥയുടെയും രാജശില്‌പിയുടെയും സ്വാതി തിരുനാളിന്റെയുമൊക്കെ ആര്‍ട്ട്‌ ഡയറക്‌ടറായ പി. കൃഷണമൂര്‍ത്തി. മികച്ച കലാ സംവിധായകനുള്ള നാഷണല്‍, സ്‌റ്റേറ്റ്‌ അവാര്‍ഡുകള്‍ പലതവണ നേടിയിട്ടുണ്ട്‌. ജഗന്‍മോഹിനി എന്ന തമിഴ്‌ചിത്രത്തിന്റെ വര്‍ക്കിലാണ്‌ അദ്ദേഹം; നാലാള്‍പൊക്കത്തിലുള്ള കൂറ്റന്‍ ദേവീവിഗ്രഹത്തിന്റെ അവസാന മിനുക്കുപണിയില്‍. മൂന്നു ഭാഗവും കടല്‍ മൂടിയ തുരുത്തില്‍ ചൂടുകാറ്റിനെയും പൊരിവെയിലിനേയും ഗൗനിക്കാതെ ഏകാഗ്രതയോടെ ഒരു ശില്‌പി!
ധനുഷ്‌ക്കോടിയില്‍ നിന്നും തിരിക്കുമ്പോള്‍ ഒറ്റപ്പെട്ടു കിടക്കുന്ന നാട്ടുകരുവടൈ മരം കണ്ടുു ഭൂവിശാലതയിലെ ഒറ്റമരം! ഒറ്റപ്പെട്ടു കിടക്കുന്നതിനാണ്‌ ചിലപ്പോള്‍ സൗന്ദര്യം, ധനുഷ്‌ക്കോടിയെ പോലെ!

എങ്ങനെയെത്താം
രാമേശ്വരം വഴി മാത്രമേ ധനുഷ്‌ക്കോടിയിലേക്ക്‌ എത്താന്‍ പറ്റൂ. കേരളത്തില്‍ നിന്നും രാമേശ്വരത്തേയ്‌ക്ക്‌ ട്രെയിന്‍ കിട്ടും. അല്ലെങ്കില്‍ തിരുവനന്തപുരം വഴി ബസ്സിലും യാത്ര ചെയ്യാം.

താമസം
ധനുഷ്‌ക്കോടിയില്‍ മണ്‍കുടിലുകളില്‍ താമസ സൗകര്യം ലഭ്യമാണ്‌.
ഫോണ്‍: 25367850, 25383333, 25389857, 25360294

അല്ലെങ്കില്‍ താമസം രാമേശ്വരത്താക്കാം.
ചില ഹോട്ടലുകള്‍
* ഹോട്ടല്‍ മഹാരാജാസ്‌: 91 4573 221271, 9894621271,
* ഹോട്ടല്‍ റോയല്‍ പാര്‍ക്ക്‌: 91 4573 221680, 9443159722,
* ഹോട്ടല്‍ വിനായക : 0421 2236672
* ഹോട്ടല്‍ പോപ്പീസ്‌: 04296 2721011 108

( സ്മാര്‍ട്ട് ഫാമിലി മാഗസിനില്‍ പ്രസിദ്ധീകരിച്ചത് )

ഇളം മഞ്ഞിന്‍ കുളിരുമായി ഗവി

ജോലിത്തിരക്കുകളില്‍ നിന്നും മടുപ്പിക്കുന്ന ദിനരാത്രങ്ങളില്‍ നിന്നുമകന്ന് കാടിന്റെ സംഗീതവും കുളിര്‍മയും ശുദ്ധവായുവും ലഭിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ചില്ലാത്ത, സ്വര്‍ഗം പോലെ സുന്ദരമായ ഒരിടത്തേക്ക് യാത്ര പോവണമെന്ന് കൊതിക്കുന്നുണ്ടോ നിങ്ങള്‍? എങ്കില്‍ വരൂ, നമുക്ക് ഗവിയിലേക്ക് പോവാം.

ഗവിയിലേക്കാണ് യാത്രയെന്നു പറഞ്ഞപ്പോള്‍ പലരും തിരക്കി, അതെവിടെയാ ഈ ഗവി? പത്തനംത്തിട്ടജില്ലയിലെ കാനനഭംഗിയേറിയ ഒരിടമാണ് ഗവിയെന്നു പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം. അങ്ങനെയുമൊരു സ്ഥലമോ? കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അധികം ഉച്ചരിക്കപ്പെടാതെ കിടക്കുന്ന വനസുന്ദരിയാണ് ഗവി. പേരു കൊണ്ട് മാത്രമല്ല ഗവി വിദേശരാജ്യങ്ങളെ ഓര്‍മ്മിക്കുന്നത്, അതിന്റെ വശ്യമനോഹരമായ രൂപഭംഗി കൊണ്ടും കൂടിയാണ്. മഴയത്തും വെയിലത്തുമൊക്കെ മഞ്ഞുമൂടി കിടക്കുന്ന ഗവിയുടെ തടാക്കക്കര ഞങ്ങളെ ഓര്‍മ്മിപ്പിച്ചത് ഏതോ യൂറോപ്യന്‍ രാജ്യത്തെത്തിയ പ്രതീതിയാണ്.മഴയ്‌ക്കൊപ്പം ഒരു യാത്ര
എറണാകുളത്തു നിന്ന് ഗവിയിലേക്കു പുറപ്പെടുമ്പോള്‍ ഒപ്പം കൂടിയ മഴ മാത്രമായിരുന്നു യാത്രയില്‍ ഞങ്ങളെ അലോസരപ്പെടുത്തിയ ഏക ഘടകം. മഴയത്ത് നനഞ്ഞു കുതിര്‍ന്ന ഗവി ഈ യാത്രയുടെ സൗന്ദര്യം ഇല്ലാതാക്കുമോ എന്ന്. എന്നാല്‍ മഴയത്ത് കാടു കയറുന്നതിന്റെ തീക്ഷ്ണമായ ഭംഗിയാണ് ഗവി ഞങ്ങള്‍ക്കു കാണിച്ചു തന്നത്.
കോട്ടയവും പീരുമേടും വണ്ടിപ്പെരിയാറുമൊക്കെ കഴിഞ്ഞ് കോണിമറ ജഗ്ഷനില്‍ എത്തിയ ഞങ്ങളെ കാത്ത് ഗവിയിലെ ഗസ്റ്റ് ഹൗസുകളില്‍ ഒന്നായ പച്ചക്കാനം എസ്റ്റേറ്റ് ബംഗ്ലാവിന്റെ കെയര്‍ ടെയ്ക്കര്‍ ബേബി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ( ഗവിയില്‍ ആകെ രണ്ട് ഗസ്റ്റ്ഹൗസുകളെ ഉള്ളൂ. അതില്‍ ഒന്നാണ് പച്ചക്കാനം എസ്റ്റേറ്റ് ബംഗ്ലാവ്. രജ്ഞുവെന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ ഗസ്റ്റ്ഹൗസ്. മറ്റൊന്ന് കെഎഫ്ഡിസി യുടെ റോയല്‍ മാന്‍ഷസ് ആണ്.) ബേബിയെ കണ്ടപ്പോള്‍ യാത്രാ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പറായ മൂന്നാം ക്ലാസ്സുകാരി അഥീന അത്ഭുതം കൂറി, ഇത്ര വലിയ മനുഷ്യനാരാണ് ബേബി എന്നു പേരിട്ടത്? അഥീനയുടെ കമന്റ് പടര്‍ത്തിയ ചിരിയില്‍ ബേബിയും കൂടി.

ഏതു മലമേട്ടിലേക്ക് ഓടി കയറാനും ഞാന്‍ തയ്യാറാണെന്ന ആത്മവിശ്വാസത്തോടെ ബേബിയുടെ ജീപ്പും യാത്രയ്ക്കു തയ്യാറായി. മുന്നിലെ ജീപ്പില്‍ ബേബിയും പിന്നിലെ ടവേരയില്‍ ഞങ്ങളും. കാട്ടുപ്പാതകളിലൂടെയുള്ള യാത്ര അവിടെ നിന്നാണ് തുടങ്ങിയത്. വണ്ടിപ്പെരിയാര്‍ കഴിഞ്ഞാല്‍ ആദ്യത്തെ ചെക്ക്‌പോസ്റ്റ് വള്ളക്കടവിലാണ്. ബേബി തന്നെ ചെക്ക്‌പോസ്റ്റില്‍ ചെന്ന് ഞങ്ങള്‍ക്ക് കാടിനകത്തേക്ക് പ്രവേശിക്കാനുള്ള അനുമതി വാങ്ങി. ടൈഗര്‍ റിസര്‍വ് ഏരിയയാണ് ഗവി. ചെക്ക്‌പോസ്റ്റില്‍, മുന്നോട്ടുള്ള പാതയില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു, കാടിനുള്ളില്‍ അമിതമായ ശബ്ദം ഉണ്ടാക്കാന്‍ പാടില്ല. ഹോണടികളും അമിത സ്പീഡും പാടില്ല. ഏതു നിമിഷവും റോഡിനു കുറുകെ കൂടി നടന്നു വരാന്‍ സാധ്യതയുള്ള കാട്ടുമൃഗങ്ങളെ മനസ്സില്‍ കണ്ടുവേണം ഡ്രൈവ് ചെയ്യാന്‍. ആ നിര്‍ദ്ദേശങ്ങളുടെ ബോര്‍ഡ് ഒരര്‍ത്ഥത്തില്‍ ഞങ്ങളെ ഉത്സാഹരാക്കുകയാണ് ചെയ്തത്. കാട്ടുമൃഗങ്ങളുള്ള നിബിഡവനമാണ് മുന്നില്‍. അതെ, തീര്‍ത്തും വ്യത്യസ്തമാര്‍ന്ന ഒരു യാത്രാനുഭവം ഞങ്ങളെ കാത്തിരിക്കുന്നു.....

കാടിന്റെ സംഗീതം
നീരുറവകള്‍ പൊടിയുന്ന കാട്ടുപ്പാതകളിലൂടെ പെയ്തു തോരാത്ത മഴനൂലുകള്‍ക്കൊപ്പം ഞങ്ങള്‍ യാത്ര തുടര്‍ന്നു. കണ്ണീരുപോലെ തെളിഞ്ഞ വെള്ളം റോഡില്‍ പലയിടങ്ങളിലും തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. വീഗാലാന്റിലെ വാട്ടര്‍ സ്പ്ലാഷിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് രണ്ടുവശത്തേക്കും വെള്ളം ചിതറിച്ചു കൊണ്ട് ഞങ്ങളുടെ ടവേര മുന്നോട്ടു കുതിച്ചു. വള്ളക്കടവില്‍ നിന്നും 17 കിലോമീറ്റര്‍ യാത്രയുണ്ട് ഗവിയിലേക്ക്. അഭൂതപൂര്‍വ്വമായ ശാന്തതയും കാടിന്റെ സ്വച്ഛതയും ശുദ്ധവായുവിന്റെ സാന്നിധ്യവും എല്ലാറ്റിനുമുപരി മൊബൈല്‍ ടവറുകളുടെ പരിധിക്കു പുറത്തായ മണിയടി ശബ്ദം നിലച്ച ഞങ്ങളുടെ മൊബൈലുകളും അനിര്‍വചനീയമായ ഒരു യാത്രാസുഖമാണ് പകര്‍ന്നത്. നേരം 12 മണിയോട് അടുത്തിരുന്നുവെങ്കിലും കട്ടപിടിച്ച മഞ്ഞാണ് എങ്ങും. മഞ്ഞിനെ തുളച്ചുകയറി വഴി കണ്ടെത്തി ഞങ്ങളുടെ ജീപ്പ് മുന്നോട്ട് കുതിച്ചു. മുന്നോട്ടു നോക്കിയാലും പിന്നോട്ടു നോക്കിയാലും മഞ്ഞുമാത്രം!
സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന സ്ഥലമാണ് ഗവി. 18 കിലോമീറ്ററോളം കൊടുംക്കാടാണ് ഇപ്പോഴും. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. പമ്പ നദിയുടെ ഉത്ഭവസ്ഥലത്തേക്ക് ഗവിയില്‍ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റര്‍ അകലമേയുള്ളൂ. പുല്ലുമേട്- ഉപ്പുപ്പാറ വഴി ശബരിമലയിലേക്കുള്ള കുറുക്കുവഴിയും ഈ വനപാതയിലുണ്ട്. ആനയും പുലിയും കാട്ടുപോത്തുമൊക്കെ സുലഭമായ കാണുന്ന ഗവിയിലെ വനംപ്രദേശം പ്രകൃതിസ്‌നേഹികളുടെയും ഇഷ്ട ലൊക്കേഷനുകളില്‍ ഇടം നേടിയിരിക്കുന്നു.

പച്ചക്കാനത്തെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കാണ് ബേബി ഞങ്ങളെ നയിച്ചത്. ഏലത്തോട്ടങ്ങള്‍ക്കു നടുവിലെ ആ എസ്റ്റേറ്റ് ബംഗ്ലാവ് പ്രകൃതിയെ ഒട്ടും മുറിപ്പെടുത്താത്ത രീതിയിലാണ് പണിതിരിക്കുന്നത്. ഇവിടെ ഭക്ഷണത്തോടു കൂടിയ ഹോംസ്റ്റേ സൗകര്യമുണ്ട്. ഒപ്പം ജംഗിള്‍ സവാരിക്ക് സന്നദ്ധനായി ഓപ്പണ്‍ ജീപ്പും ഡ്രൈവറും നിങ്ങള്‍ക്ക് അകമ്പടി വരികയും ചെയ്യും. എസ്റ്റേറ്റിലെ ചെറുഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വീണ്ടും ഇറങ്ങി, ഗവിയുടെ ഉള്ളറകളിലേക്ക്. അപ്പോഴേക്കും മഴ ഒരു ബ്രേക്ക് എടുത്ത് മാറി നിന്നിരുന്നു. മഴ നനഞ്ഞ കാനനപ്പാതയിലൂടെ കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും താണ്ടി ബേബിയുടെ ജീപ്പ് മുന്നോട്ടു കുതിച്ചു. ഈ വഴികളില്‍ ടവേര ഊര്‍ധന്‍ വലിക്കും എന്ന മുന്നറിയിപ്പു ബേബി മുന്നേ നല്‍കിയിരുന്നതുകൊണ്ട് ടവേര ഒഴിവാക്കി ബേബിയുടെ ജീപ്പിനെ ആശ്രയിക്കുകയായിരുന്നു ഞങ്ങള്‍. അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും മേടുകളുമൊക്കെയായി ഗവി ഞങ്ങളെ ഓരോ വളവിലും അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. ഗവിയുടെ കാഴ്ചകളില്‍ ആകൃഷ്ടരായി സ്വയം മറന്നുനിന്ന ഞങ്ങള്‍ക്ക് ഇടയ്ക്ക് ചില അമളികളും പിണഞ്ഞു, കൊള്ളക്കാരന്റെ ചാതുര്യത്തോടെ ശരീരത്തില്‍ കയറി കൂടിയ വലിയ അട്ടകള്‍! ചോരക്കുടിച്ച് മഞ്ചാടി വലിപ്പത്തില്‍ ആയപ്പോഴാണ് പലപ്പോഴും ഞങ്ങള്‍ ആ കൊള്ളക്കാരെ കണ്ടത്. ഫസ്റ്റ് എയ്ഡ് ബോക്‌സിനൊപ്പം കരുതിയിരുന്ന ഉപ്പുപൊടി വിതറി അവയെ തൂത്തെറിഞ്ഞുവെങ്കിലും അട്ടയെന്ന ഭയം അതോടെ പിടികൂടിയിരുന്നു.
( ഗവിയില്‍ സൂക്ഷിക്കേണ്ട ഏക ജീവികള്‍ അട്ടകളാണ്. )

ഗവി തടാകക്കരയായിരുന്നു ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യം. ഗവിയിലേക്കുള്ള വഴികള്‍ അവസാനിക്കുന്നതും ഈ തടാക്കക്കരയിലാണ്. ഇവിടെയാണ് കെഎഫ്ഡിസിയുടെ ഗ്രീന്‍ മാന്‍ഷല്‍സ്. തടാകക്കരയിലെ മഞ്ഞു തണുപ്പും ചാറ്റല്‍മഴയും കുളിര്‍കാറ്റും- ഒരു നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ പകര്‍ന്നെടുത്ത് മനസ്സിനും ശരീരത്തിനും പുതിയൊരുണര്‍വ്വ് ഗവി സമ്മാനമായി തന്നു. മഴക്കാലം ഏറ്റവും ഭംഗിയായി ആസ്വദിക്കാന്‍ കഴിയുന്ന ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നാണ് ഗവി. മണ്‍സൂണ്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.
വീണ്ടുമൊരിക്കല്‍ കൂടി ഗവിയില്‍ വരണമെന്ന മോഹത്തോടെയാണ് ഞങ്ങള്‍ ഗവിയോട് യാത്ര പറഞ്ഞത്. ആ യാത്രയില്‍ അവിസ്മരണീയമാക്കാന്‍ ഒരതിഥിയെ കൂടി ഗവി, വഴിയരികില്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുവച്ചിരുന്നു. ആനക്കൂട്ടമിറങ്ങാന്‍ സാധ്യതയുള്ള, ചീവീടുകള്‍ ജീവിതമാഘോഷിക്കുന്ന, സന്ധ്യയില്‍ മുങ്ങിതുടങ്ങിയ കാട്ടുപ്പാതയിലൂടെ വണ്ടി മെല്ലെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നപ്പോഴാണ് ആരോ ആ കാഴ്ച കണ്ടത്, ആനിമല്‍ പ്ലാനറ്റിലെ ദൃശ്യങ്ങളെ തോല്‍പ്പിക്കുന്ന കരുത്തും സൗന്ദര്യവും ആകര്‍ഷണീയതയുമായി കാട്ടിലെ ഫയല്‍വാനില്‍ ഒരുവന്‍ വഴിയരികില്‍!!! ദൃഢഗാത്രമായ ശരീരവും കറുപ്പും തവിട്ടും വെള്ളയും കൂടികലരുന്ന ആകര്‍ഷണീയതയും വെള്ളക്കൊമ്പുമൊക്കെയായി ഒരു കാട്ടുപ്പോത്ത്. കാട്ടുപ്പോത്തിനെ അത്ര അടുത്തു കണ്ടതോടെ കൂട്ടത്തിലെ പല 'മൃഗസ്‌നേഹി'കളുടെയും ധൈര്യം ചോര്‍ന്നുപോയി. ആ ധൈര്യശാലികളുടെ അയ്യോ... പോവാം... തുടങ്ങിയ നിലവിളികള്‍ കേട്ടിട്ടാവാം കാടിന്റെ ഇരുട്ടിലേക്കു തന്നെ ഒരു കുതി കുതിച്ചു കാട്ടുപ്പോത്ത്. ഒരു ഞൊടിയിട കൊണ്ട കാഴ്ചയില്‍ നിന്നും മറഞ്ഞുപോയ ആ കാട്ടുപ്പോത്തായിരുന്നു പിന്നീട് എല്ലാവരുടെയും സംസാരവിഷയം. ഗവിയിലെ കാടിറങ്ങിയിട്ടും മനസ്സില്‍ നിന്നിറങ്ങാതെ ആ സുന്ദരന്‍ കാട്ടുപ്പോത്ത് ഞങ്ങളെ അനുഗമിച്ചു കൊണ്ടേയിരിക്കുന്നു, ഇപ്പോഴും! കണ്ടുകൊതി തീരാത്ത, അനാവൃതമാവാത്ത ആ കാട്ടുപ്പോത്തിന്റെ സൗന്ദര്യമാണ് ഗവിക്കും. അനാവൃതമാവാത്ത സൗന്ദര്യത്തിന്റെ മൂടുപടത്തിനുള്ളില്‍ ഗവിയെന്ന വനസുന്ദരി ഒളിഞ്ഞിരിക്കുകയാണ്.


ബോക്‌സ്
എങ്ങനെ എത്താം
ഗവിയിലേക്ക് എത്താന്‍ പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത്.
കോട്ടയം, പീരുമേട്, വണ്ടിപ്പെരിയാര്‍, കോണിമറ ജംഗ്ഷന്‍, വള്ളക്കടവ് വഴി ഗവിയിലെത്താം.
മറ്റൊന്ന് പത്തനംത്തിട്ടയില്‍ നിന്നും സീതാത്തോട്, മൂഴിയാര്‍, കക്കിഡാം, ആനത്തോട്, പമ്പ ഡാം, പച്ചക്കാനം വഴിയും ഗവിയിലെത്താം.
കുമിളിയില്‍ നിന്നും വണ്ടിപ്പെരിയാര്‍, വള്ളക്കടവ് വഴിയും ഗവിയില്‍ എത്തിച്ചേരാം.
പത്തനംത്തിട്ടയില്‍ നിന്നും കുമിളിയിലേക്കുള്ള കെ. എസ്. ആര്‍. ടി. സി ബസ്സുകളും ഗവി വഴിയാണ് കടന്നു പോവുന്നത്. ഈ വഴി കെ. എസ്. ആര്‍. ടി. സിയുടെ രണ്ട് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പത്തനംത്തിട്ടയില്‍ നിന്നും ഗവിയിലേക്ക് 101 കിലോമീറ്റര്‍ ഉണ്ട്. രാവിലെ ആറു മണിക്കു മുമ്പും വൈകിട്ട് ആറിനു ശേഷവും വനപാതയിലേക്ക് പ്രവേശനമില്ല. വണ്ടിപ്പെരിയാര്‍ ഭാഗത്തു നിന്നു വരുന്നവരെ വള്ളക്കടവിലും സീതാത്തോട് ഭാഗത്തുനിന്ന് വരുന്നവരെ കൊച്ചാണ്ടി ചെക്ക്‌പോസ്റ്റിലും തടയും.
താമസസൗകര്യത്തിന് വിളിക്കുക:
1. പച്ചക്കാനം എസ്റ്റേറ്റ് ബംഗ്ലാവ്- ഫോണ്‍: 98956 12446
2. റോയല്‍ മാന്‍ഷന്‍സ്: 99472 18015, 94472 00360


കടപ്പാട്: ശ്രീ. രജ്ഞു, എം.ഡി, പച്ചക്കാനം എസ്‌റ്റേറ്റ് ബംഗ്ലാവ്,
കിഷോര്‍ കുമാര്‍, മാനേജര്‍, റോയല്‍ മാന്‍ഷന്‍സ്.

( 2010 ഡിസംബര്‍ ലക്കം ഗസ്റ്റ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത് )

Thursday, March 4, 2010

ചിരാത്

മഴയത്ത് ഒരു ചിരാതു
കത്തുന്നതു കാണുമ്പോള്‍
എന്റെ ഉള്ളുലയും...
നനയാതെ,
കാറ്റില്‍ അണയാതെ,
കുനിഞ്ഞും പിടഞ്ഞും,
ധര്‍മ്മസങ്കടങ്ങളുടെ
നോവില്‍ കത്തിയെരിയുന്ന ചിരാത്!!!
അതെന്റെ ഹൃദയത്തിന്റെ
പൊള്ളലാവുന്നു....

Friday, February 26, 2010

ഒരു തുമ്പിക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്...

വ്യത്യസ്തനായ ഒരു സുഹൃത്ത്.... അയാളെ കുറിച്ചാണ് ഈ പോസ്റ്റ്... ഞങ്ങളൊരിക്കലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത... കേവലം മെയിലുകളിലൂടെയും സ്‌ക്രാപ്പുകളിലൂടെയും ചാറ്റിങ്ങിലൂടെയും മാത്രം ഞങ്ങളറിയുന്ന ഒരു സുഹൃത്തിനെ കുറിച്ച്.... പെട്ടൊന്നൊരു നാള്‍ അയാള്‍ എവിടേക്കാണെന്ന് പോയതെന്നറിയില്ല. നിരന്തരം ബഹളം വെച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ പെട്ടെന്ന് നിശബ്ദനായി പോവുമ്പോള്‍ ഉണ്ടാവുന്ന ശൂന്യത ഞങ്ങള്‍ അറിഞ്ഞു തുടങ്ങിയതും അതിനു ശേഷമാണ്.. അപ്പോഴാണ് ഞങ്ങള്‍ അയാളെ തിരയാന്‍ തുടങ്ങിയത്... പക്ഷേ രണ്ടു മെയില്‍ ഐഡികളും ഞങ്ങള്‍ തന്നെ ചാര്‍ത്തി കൊടുത്ത ഒരു പേരും മാത്രമേ അയാള്‍ക്കുള്ളൂ. (തന്നെ സംബന്ധിക്കുന്ന കാര്യങ്ങളത്രയും രഹസ്യമായി വെയ്ക്കണമെന്ന് അയാള്‍ ആഗ്രഹിച്ചതെന്തിനാണാവോ?) ഞങ്ങളയാളെ ചന്തുവെന്നു വിളിച്ചു. അങ്ങനെ വിളിച്ചപ്പോഴൊക്കെ അയാള്‍ വിളി കേള്‍ക്കുകയും ചെയ്തു... പിന്നീട് ആ വിളിയെ സത്യമാക്കാനെന്നവണ്ണം അയാള്‍ സൈബര്‍ലോകത്തും ആ പേരു തന്നെ സ്വീകരിച്ചു.. ഒരു വ്യാജമേല്‍വിലാസത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആള്‍ക്ക് അതിലും നല്ലൊരു പേര് ഞങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനില്ലായിരുന്നു... ഇടയ്ക്ക് ആളുകള്‍ ആ പേരിനെ തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അയാള്‍ ഞങ്ങളോട് പരാതിപ്പെട്ടു....
“ പ്രിയമുള്ള തുമ്പിക്കും ശ്രീക്കും..
ഈ ചന്തു എന്ന പേരാണെന്നു തോന്നുന്നു പണി പറ്റിക്കുന്നത്. ചതിയനായ ചന്തു എന്നത് എം. ടി എത്ര ശ്രമിച്ചിട്ടും മാറ്റി കിട്ടാത്ത പ്രയോഗമാണ്. ഞാനൊരു അഭ്യര്‍ത്ഥന നടത്താന്‍ പോവുകയാണ്.. എന്റെ പേരൊന്നു മാറ്റി തര്വോ...ചന്തുവിനൊപ്പം ഒരു വാലെങ്കിലും... ? ”
..........................

ഞാന്‍ അയാളെ പരിചയപ്പെടുന്നത് എപ്പോഴാണെന്ന് നല്ല ഓര്‍മ്മയില്ല. ഓര്‍ക്കുട്ട് സൗഹൃദങ്ങളുടെ വസന്തോത്സവമായ ഒരു കാലത്ത്... മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്... അന്നാണെന്നു തോന്നുന്നു, തല്ലിപ്പൊളി എന്ന വ്യാജപ്പേരുമായി അയാള്‍ എന്റെ സ്‌ക്രാപ്പ് ബുക്കിലേക്ക് അതിക്രമിച്ചു കയറിയത്. വെറുതെയിരിക്കുന്ന ആളുകളെ വരെ ദേഷ്യം പിടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പ്രകൃതം... അതായിരുന്നു അയാള്‍.

ആരെങ്കിലും തല്ലിപ്പൊളി വര്‍ത്തമാനങ്ങളുമായി വന്നാല്‍ അവരുടെ അഹന്തക്കും തല്ലുകൊള്ളിത്തരത്തിനും മറുപടി പറയാതെ ഉറക്കം വരില്ലെന്ന വാശികള്‍ ഞാന്‍ കൊണ്ടു നടന്നിരുന്ന കാലമായിരുന്നു അത്... അപരിചിതനായ ആ കടന്നു കയറ്റക്കാരന്റെ തല്ലുകൊള്ളിത്തരങ്ങള്‍ക്ക് ചുട്ട മറുപടി തന്നെ കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു... ഇത് തല്ലു കിട്ടുന്ന കേസാണെന്നു മനസ്സിലായാല്‍ ഓടിയൊളിക്കുന്ന പതിവു അജ്ഞാത പ്രൊഫൈല്‍ ഉടമകളില്‍ നിന്നും വ്യത്യസ്തനായിരുന്നു അയാള്‍... ഞാനൊരു തല്ലിപ്പൊളിയാണെന്ന് സ്വയം പ്രഖ്യാപിച്ച അയാള്‍ക്കു മുന്നില്‍ എന്റെ ഭീഷണികളൊന്നും വില പോയതേയില്ല....

വഴക്കു കേള്‍ക്കുന്നത് ഒരു ദിനചര്യയെന്ന പോലെ അയാള്‍ അത് തുടര്‍ന്നു കൊണ്ടിരുന്നു... കുറേ കഴിയുമ്പോള്‍ താനെ ഒഴിഞ്ഞു പോവുമായിരിക്കും ഈ അജ്ഞാതന്‍ എന്നു ഞാനും കരുതി. അയാളോട് അടുക്കാനും അകലാനും പോവാതെ ഞാന്‍ എന്റെ ജീവിതം ഉത്സവമാക്കി. ഇങ്ങനെയൊരു അജ്ഞാതനെ കുറിച്ച് മറ്റാരോടെങ്കിലും പറയണമെന്നു പോലും എനിക്ക് തോന്നിയില്ല.... പക്ഷേ അയാള്‍ എന്നെ വായിച്ചു കൊണ്ടേയിരുന്നു....

ഇടയ്‌ക്കെപ്പോഴോ ആണ് ഞാന്‍ അയാളുടെ പ്രൊഫൈല്‍ വിശദമായി നോക്കുന്നത്... അപാരമായ കാവ്യഭാവനയുള്ള ഒരാള്‍... എനിക്കത്ഭുതം തോന്നി... ആ കാവ്യാത്മക വെച്ചു നോക്കുമ്പോള്‍ അയാള്‍ അത്രമേല്‍ അന്തര്‍മുഖനും ഏകാകിയുമായ ഒരാളാവേണ്ടതാണ്... (അത്തരം അന്തര്‍മുഖ പ്രതിഭകളെയാണല്ലോ നമുക്ക് കണ്ടു ശീലം)... ഇതൊരു ബഹളക്കാരന്‍.... വായാടി... തോന്നുന്നത് തോന്നും പോലെ വിളിച്ചു പറയുന്നവന്‍... പക്ഷേ സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും അറിയുന്ന വ്യക്തിയാണ് അയാളെന്ന് അതിനകം എനിക്ക് ബോധ്യപ്പെട്ടിരുന്നു... എന്തൊക്കെ വീരവാദങ്ങള്‍ പറഞ്ഞാലും 'നിങ്ങള്‍' എന്ന അതിസംബോധന അതിനൊപ്പം കാണും... സഭ്യമായ ഭാഷയേ അയാള്‍ എന്നും ഉപയോഗിച്ചിരുന്നുള്ളൂ. അയാള്‍ അത്രയേറെ അപകടകാരിയല്ല എന്നു ബോധ്യപ്പെട്ടതിനാല്‍ അയാളെ പൂര്‍ണ്ണമായും ഒഴിവാക്കുക, സൈബര്‍സെല്ലില്‍ പരാതിപെടുക തുടങ്ങിയ കടുത്ത തീരുമാനങ്ങളിലേക്ക് ഞാന്‍ പോയില്ല... മാത്രമല്ല, വല്ലപ്പോഴുമൊക്കെ അയാളുടെ തല്ലുകൊള്ളി സ്‌ക്രാപ്പുകള്‍ക്കും ചാറ്റിനും മറുപടി കൊടുക്കുകയും ചെയ്തു.

വഴക്കടിക്കുമെങ്കിലും ഒരനിയത്തിയോടുള്ള വാത്സല്യം അയാള്‍ക്ക് എന്നും ഉണ്ടായിരുന്നു. “ തല്ലിപ്പൊളി എന്ന പേര് മാറ്റി കൂടേ, അതെത്ര ബോറാ” എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: “ എങ്കില്‍ തുമ്പി പെങ്ങളു തന്നെ ഈ തല്ലിപ്പൊളിക്കു ഒരു പേരു തരൂ.” ആ അവസരവും അയാളെ കളിയാക്കാനാണ് ഞാന്‍ വിനിയോഗിച്ചത്, ഡ്രാക്കുള, ഹനുമാന്‍, ഭൂതം തുടങ്ങി മറ്റുള്ളവര്‍ക്ക് അപഹസിക്കാന്‍ ഇട നല്‍കുന്ന പേരുകള്‍ നിര്‍ദ്ദേശിച്ചു. ഒരുപക്ഷേ ആ നിര്‍ദ്ദേശങ്ങള്‍ അയാളെ വേദനിപ്പിച്ചിരിക്കണം. ഒടുവില്‍ പേര് ചന്തു എന്നാക്കാമെന്ന എന്റെ നിര്‍ദ്ദേശത്തോട് അയാള്‍ യോജിച്ചു... ചന്തു, ചന്തു, ചന്തു... മൂന്നു തവണ ടൈപ്പ് ചെയ്ത് ഞാന്‍ അയാള്‍ക്ക് പേരിട്ടു. ക്രമേണ അയാള്‍ സൈബര്‍ലോകത്തും ചന്തുവായി...

ഇടയ്ക്ക് ഒരു ദിവസം, അന്ന് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് സമ്മിറ്റ് ചെയ്യേണ്ട അവസാന ദിവസമായിരുന്നു. എന്റെ ആറുമാസത്തെ അലച്ചില്‍. പ്രധാനപ്പെട്ട ഒരു മെയില്‍ കാത്ത് ജിമെയിലും തുറന്ന് വച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് കത്തുന്ന പച്ച ലൈറ്റിനൊപ്പം ചന്തുവിന്റെ പേര് തെളിഞ്ഞത്. “ തുമ്പീ....” എന്നൊരു നീണ്ട വിളിയോടെ ചാറ്റ് വിന്‍ഡോ തുറന്നു വന്നു. ഇപ്പോഴാ ചാറ്റിങ് എന്ന ദേഷ്യത്തോടെ ഞാന്‍ ആ വിന്‍ഡോ ക്ലോസ് ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ വീണ്ടുമതാ വിന്‍ഡോ തുറക്കുന്നു. “ തുമ്പീ... പേരുണ്ടോ തുമ്പീ? നല്ല പേരുണ്ടോ തുമ്പീ? എന്റെ ബ്ലോഗിനിടാന്‍ പറ്റിയ പേരുണ്ടോ തുമ്പീ? ”
എനിക്കു വന്ന കലി ചില്ലറയൊന്നുമല്ല. മനുഷ്യനിവിടെ ഭക്ഷണം പോലും കഴിക്കാതെ ഒരു മെയിലും കാത്തിരിക്കുമ്പോള്‍ ആണ് ബ്ലോഗിന്റെ പേരിടല്‍ കര്‍മ്മം. “ പേരു പറയാന്‍ ഇപ്പോള്‍ സൗകര്യമില്ല. വേറെ പണിയുണ്ട് മനുഷ്യന്.” എന്ന് കടുപ്പിച്ചൊരു റിപ്ലേ വിരലുകള്‍ കൊടുത്തത് മനസ്സു പോലും അറിയും മുമ്പാണ്. “ എന്നാല്‍ ഞാന്‍ തുമ്പീടെ പേരെടുത്തു ബ്ലോഗിനിടും... നോക്കിക്കോ.... ” പിണങ്ങി പരിഭവിച്ച് ചന്തു പോയി. പിറ്റേ ദിവസം മെയില്‍ തുറന്നു നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, തുമ്പീ.ബ്ലോഗ്‌സ്‌പോട്ട്.കോം എന്നും പറഞ്ഞതാ കിടക്കുന്നു ചന്തുവിന്റെ പ്രതികാരം. ദേഷ്യത്തേക്കാള്‍ ചിരിയാണ് അപ്പോള്‍ വന്നത്.

പിന്നീട് എപ്പോഴോ ചന്തുവുമായി കൂട്ടായി. എന്റെ സംസാരത്തില്‍ കവിതയുണ്ടെന്നും ഒരു ബ്ലോഗ് തുടങ്ങി കൂടെയെന്നും ആദ്യമായി ചോദിക്കുന്നതും ചന്തു തന്നെ. വാട്ട് ഏന്‍ ഐഡിയ ചന്തു! എന്ന് തലയില്‍ ബള്‍ബ് കത്തി. ബ്ലോഗിങ്ങിന്റെ എബിസിഡി അറിയാത്ത എനിക്ക് ചന്തു തന്നെ ഒരു ബ്ലോഗ് ഡിസൈന്‍ ചെയ്തു തന്നു. തമന്ന എന്ന എന്റെ ആ ബ്ലോഗിന്റെ നടത്തിപ്പുകാരനും സൂക്ഷിപ്പുകാരനുമൊക്കെ അവന്‍ ആയിരുന്നു. പോസ്റ്റുകള്‍ കുത്തി കുറിച്ച് ഞാന്‍ ചന്തുവിന് അയച്ചു കൊടുക്കും. പാഞ്ചാരിയിലും മനോരമ ഫോണ്ടിലുമൊക്കെ ടൈപ്പ് ചെയ്ത ആ ഓര്‍മ്മക്കുറിപ്പുകള്‍ യൂണികോഡിലേക്ക് മാറ്റി ടൈപ്പ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതെല്ലാം ചന്തുവിന്റെ ജോലിയായിരുന്നു. തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ആ ബ്ലോഗ് ശ്രദ്ധിക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. കമന്റ് അറിയിച്ച വായനക്കാര്‍ക്ക് എന്റെ പേരില്‍ നന്ദി അറിയിക്കാനും ചന്തു മറന്നില്ല. ഇടയ്ക്ക് പറയും: “ തുമ്പീ , ഇതാ തുമ്പീടെ പാസ് വേര്‍ഡ്. ഇപ്പോള്‍ ബ്ലോഗ് പോസ്റ്റ് ചെയ്യാനൊക്കെ പഠിച്ചില്ലേ? ഇനി തനിയെ മാനേജ് ചെയ്യാലോ? പാസ് വേര്‍ഡ് മാറ്റികൊള്ളൂ.” പക്ഷേ, അങ്ങനയൊരു ഭയം എനിക്കൊട്ടും ഇല്ലായിരുന്നു. പുറത്തെ ഈ ബഹളങ്ങള്‍ക്കപ്പുറം ആരേയും ദ്രോഹിക്കാന്‍ ചന്തു ഇഷ്ടപ്പെടുന്നില്ല എന്ന് അതിനകം എനിക്കുറപ്പായി കഴിഞ്ഞിരുന്നു. എന്റെ അലസത കാരണം പിന്നീട് ബ്ലോഗില്‍ പോസ്റ്റുകളൊന്നും ചെയ്യാന്‍ തോന്നിയില്ല. അറിയാതെയെപ്പഴോ പാസ് വേര്‍ഡ് അയച്ചു തന്ന ആ മെയില്‍ ഡിലീറ്റായി പോവുകയും ചെയ്തു. കളഞ്ഞുപോയ ആ പാസ് വേര്‍ഡ് ഇതുവരെ എനിക്ക് തിരിച്ചു കിട്ടിയില്ല. എന്റെ കയ്യില്‍ ഉണ്ടാവും എന്ന ധൈര്യത്തിന് ചന്തുവും അന്ന് തന്നെ ആ മെയില്‍ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു. കളഞ്ഞുപോയ പാസ് വേര്‍ഡിനെ കുറിച്ചു പറഞ്ഞ് ചന്തുവും പിന്നീട് പലപ്പോഴും സങ്കടപ്പെട്ടു.

തല്ലിപ്പൊളി ഇമേജില്‍ നിന്നും അപ്പോഴേക്കും കുറേയേറെ മുന്നോട്ടു പോയിരുന്നു ചന്തു. നല്ല സൗഹൃദത്തിന്റെ സുഗന്ധമുണ്ടായിരുന്നു ചന്തുവിന്റെ മെയിലുകള്‍ക്ക്. പക്ഷേ അപ്പോഴും അദൃശ്യനായി ഇരിക്കുന്നതില്‍ ചന്തുവിനോട് എനിക്ക് ഉള്ളില്‍ ദേഷ്യം തോന്നിയിരുന്നു. ഇടയ്ക്ക് ഞാന്‍ വെല്ലുവിളിക്കും: “ ധൈര്യമുണ്ടെങ്കില്‍ സ്വന്തം പേരില്‍ മുന്നില്‍ വരൂ” എന്നൊക്കെ. പക്ഷേ അത്തരം ചൂണ്ടകളിലൊന്നും തന്നെ ചന്തു കയറി കൊത്തിയില്ല. അതോടെ എന്റെ സംശയം ദൃഢപ്പെട്ടു. എന്നെ നന്നായി അറിയാവുന്ന സുഹൃത്തുക്കള്‍ ആരെങ്കിലും തന്നെയാണോ ഈ ചന്തു. എന്റെ സംശയത്തിന് കാരണങ്ങള്‍ പിന്നെയുമുണ്ടായിരുന്നു: ഞാന്‍ ചന്തുവിനോട് സംസാരിക്കാത്ത തീര്‍ത്തും പേഴ്‌സണലായ കാര്യങ്ങള്‍, ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ചന്തു പിന്നീട് ചോദിക്കുമ്പോള്‍ ഞാന്‍ കുഴങ്ങും. എന്റെ നിത്യജീവിതത്തിലെ യാത്രകള്‍, ഞാന്‍ പരിചയപ്പെടുന്ന വ്യക്തികള്‍ തുടങ്ങി പലതും ഞാന്‍ പറയാതെ തന്നെ ചന്തു മനസ്സിലാക്കുന്നുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളില്‍ പലരേയും ഞാന്‍ പലപ്പോഴും സംശയിച്ചു. തീരാ സംശയങ്ങളോടെ മുള്‍മുനയില്‍ നിര്‍ത്തി. ചിലരെ ഭീഷണിപ്പെടുത്തി. ക്രമേണ, ഞാന്‍ അസ്വസ്ഥയാവാന്‍ തുടങ്ങി. എന്നെ ആരോ ഫോളോ ചെയ്യുന്നുവെന്ന തോന്നല്‍. ചന്തുവിനോട് പലപ്പോഴും വഴക്കിട്ടു.

ഒടുവില്‍ ഞാന്‍ എന്റെ ആത്മമിത്രം ശ്രീയുടെ സഹായം തേടി. ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാന്‍ എനിക്കു കൂട്ടാവാറുള്ള ഏക സുഹൃത്താണ് ശ്രീ. എന്റെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും അവന്റെ കയ്യില്‍ എന്നും ഉത്തരമുണ്ടായിരുന്നു. ചന്തുവിനെ കുറിച്ചു പറഞ്ഞപ്പോള്‍ ശ്രീയും എക്‌സൈറ്റഡായി. “ നമുക്ക് കണ്ടുപിടിക്കാം ടീച്ചറേ, ടീച്ചറു വെറുതെ പ്രഷറു കൂട്ടേണ്ട.” ശ്രീയും 'ചന്തുവിനെ തേടല്‍' എന്ന മിഷന്റെ ഭാഗമായി. അങ്ങനെയൊരു മിഷന്‍ പ്ലാന്‍ ചെയ്യുമ്പോഴും ചന്തുവിന് മനസ്സില്‍ നല്ലൊരു സുഹൃത്തിന്റെ സ്ഥാനം ഉണ്ടായിരുന്നു എന്നതാണ് സത്യം. ശ്രീ തന്നെ നേരിട്ട് ചന്തുവിനു മുന്നില്‍ ചെന്നു. 'ചന്തുവിന്റെ ഒളിച്ചുകളി ഞാന്‍ അവസാനിപ്പിക്കാന്‍ പോവാ' എന്നും പറഞ്ഞ്. തന്നെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന ധൈര്യം ചന്തുവിനുണ്ടായിരുന്നു എന്നു തോന്നുന്നു, പോലീസേ കണ്ടുപിടിക്കാന്‍ കഴിയുമെങ്കില്‍ കണ്ടു പിടിക്കൂ എന്ന് ചന്തു വെല്ലുവിളിച്ചു. ആ വെല്ലുവിളിയില്‍ പോലും ഒരു കുട്ടിത്തരമുണ്ടായിരുന്നു എന്നതാണ് സത്യം. ക്രമേണ ശ്രീയും ചന്തുവുമായി കൂട്ടായി.
“ ടീച്ചറേ, ഈ ചന്തുവൊരു വിചിത്ര മനുഷ്യന്‍ തന്നെ. നമ്മള്‍ തോറ്റു പോവും എന്നാ തോന്നുന്നത്.” ശ്രീ തന്റെ ആശങ്ക മറച്ചുവെച്ചില്ല.
പിന്നീട് ചന്തുവിന്റെ മെയിലുകള്‍ ഞങ്ങളെ രണ്ടുപേരെയും അതിസംബോധന ചെയ്തായി.
“ പ്രിയപ്പെട്ട പോലീസും തുമ്പിയും വായിച്ചറിയുവാന്‍... നിങ്ങള്‍ പേരു നല്‍കിയ ചന്തു എഴുതുന്നത്. എന്തെന്നാല്‍, അവിടെ എല്ലാവര്‍ക്കും സുഖം എന്നു കരുതുന്നു. ഇവിടേയും എല്ലാവര്‍ക്കും സുഖം. സുഖം എന്തൊരു ബോറന്‍ വര്‍ത്തമാനം അല്ലേ? അതെ, ഇങ്ങനെയൊക്കെ കൊത്തിപ്പറിഞ്ഞ് നിങ്ങളെയൊന്നു ബോറടിപ്പിക്കാനാണ് എന്റെ തീരുമാനം. (എന്തു ചെയ്യാന്‍, നിങ്ങള്‍ രണ്ടും എന്റെ മനസ്സില്‍ നിന്നു പോവുന്നില്ല. നിരന്തരം സംസാരിച്ചു കൊണ്ടിരിക്കാന്‍ തോന്നാ. ) ഇങ്ങനെ ഓരോന്നു പറഞ്ഞു വെറുപ്പിച്ചാല്‍ പിന്നെ നിങ്ങളെന്നെ ബ്ലോക്ക് ചെയ്യുമല്ലോ? അതു മതി എനിക്ക് പുറത്തു കടക്കാന്‍. പൊലീസിന് ഇതൊന്നും ഇഷ്ടമാവില്ലെന്നറിയാം. പുല്ലാണ്, പുല്ലാണ് പൊലീസ് നമുക്ക് പുല്ലാണ്... ”

കുട്ടിത്തത്തോടെ കൂവി വിളിച്ച് ഓടിപ്പോവുന്ന ചന്തുവിന്റെ ആ മെയില്‍ കണ്ട് ശ്രീ ചോദിച്ചു: “ അല്ല ടീച്ചറേ, രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച പഴംകഥയിലെ ആ കുട്ടി ഇനി ചിലപ്പോള്‍ നമ്മുടെ ഈ ചന്തു എങ്ങാനുമാണോ? ” ശ്രീയുടെ ചോദ്യത്തില്‍ അതിശയത്തിനു പ്രസക്തിയില്ലായിരുന്നു. കാരണം ചന്തു അങ്ങനെ തന്നെയായിരുന്നു. മനസ്സില്‍ തോന്നിയതൊക്കെ അതുപോലെ പറയാനുള്ള ധൈര്യം എപ്പോഴും കാണിച്ചിരുന്നു. അതുകൊണ്ടാണ് ആദ്യം ഞങ്ങളുടെ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചു കൊണ്ട് ചന്തു ശ്രീയ്ക്ക് അയച്ച മെയില്‍. എന്നോടും അതേ ചോദ്യം തന്നെ ചന്തു ആവര്‍ത്തിച്ചു. ഞാനന്ന് ദീര്‍ഘമായ ഒരു മറുപടി എഴുതി. അതു അതുപോലെ തന്നെ ചന്തു ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ഞങ്ങളെ തെറ്റിദ്ധരിച്ചു പോയതിന് ഞങ്ങളോട് മാപ്പും ചോദിച്ചു. അന്ന് ചന്തു ശ്രീക്ക് അയച്ച മെയിലില്‍ ഹൃദയത്തില്‍ തൊടുന്ന കുറേ വരികളുണ്ടായിരുന്നു. അതെന്റെ കണ്ണു നനയിച്ചു.
“ പ്രിയ പോലീസേ,
ഞാനെങ്ങോട്ടും പോവുന്നില്ല,
നിങ്ങളെന്റെ കഴുത്തിനു പിടിക്കില്ലയെങ്കില്‍.
ഓര്‍ക്കുട്ടിലെ ഊഹം, എനിക്കൊരമളി പറ്റിയതാ.
നിങ്ങളെ കുറിച്ചൊന്നും എനിക്കധികം അറിയില്ലല്ലോ!
എന്റെ ഓര്‍മ്മയിലെ ഒരു സഹോദരിയെ പോലെ സാമ്യം തോന്നിയിരുന്നു നിങ്ങളുടെ ആമിയോട്..
അതുകൊണ്ടാ ഞാനവരെ തുമ്പി എന്നു വിളിച്ചത്...
.........................................................................................
ഒട്ടനവധി ചങ്ങാതിമാര്‍ അവര്‍ക്കുണ്ടായിട്ടും
എന്തോ ഏകാന്തതയും വിഷമങ്ങളും ഞാനവരില്‍ കണ്ടിരുന്നു.
അതൊക്കെ പരിഹരിക്കാനും
പങ്കുവെയ്ക്കാനും താല്‍പ്പര്യം കാണിയ്ക്കുന്നത് നിങ്ങളോടാണെന്നും എനിക്കു മനസ്സിലായിരുന്നു.
എന്റെ തല്ലിപ്പൊളി കണ്ണായതു കൊണ്ട്
ഞാനതിനെ പ്രണയമാണെന്നു തെറ്റിദ്ധരിച്ചു.
അതിലുമൊക്കെയപ്പുറമാണ് നിങ്ങളോടവര്‍ക്കുള്ള ബന്ധം.
എന്നോടു ക്ഷമിക്കുക.

നല്ല സ്‌നേഹത്തോടെ
തല്ലിപ്പൊളി ”


ചന്തുവിന്റെ ഓരോ മെയിലുകളും ഞങ്ങള്‍ക്ക് ചര്‍ച്ചാവിഷയമായി: “ അയാള്‍ നന്മയുള്ള മനുഷ്യനാണ്... ” ഓരോ ചര്‍ച്ചകള്‍ക്കൊടുവിലും ശ്രീ പറഞ്ഞു കൊണ്ടിരുന്നു. ശ്രീ ചന്തുവുമായി വല്ലാതെ അടുക്കാന്‍ തുടങ്ങുകയായിരുന്നു. സ്‌കോട്ട്‌ലാന്റിലെ ഏകാന്തവാസത്തിനിടയില്‍ ശ്രീക്ക് ഏറെ ആശ്വാസമായി മാറിയത് ചന്തുവിന്റെ മെയിലുകളാണ്. ഇടയ്ക്ക് നീണ്ട വോയിസ് മെയില്‍ മേസ്സേജുകള്‍ ശ്രീ, ചന്തുവിനായി അയക്കും. ചന്തു അത് നൂറാവര്‍ത്തി കേള്‍ക്കും.
എന്നിട്ട് എഴുതും:

“ പ്രിയപ്പെട്ട ശ്രീ,
ശ്രീയുടെ ദീര്‍ഘിച്ച സംഭാഷണം കേള്‍ക്കാന്‍ ഇന്നലെ ഞാന്‍ പുറമെ പോവേണ്ടി വന്നു. നന്നായി കേള്‍ക്കുന്നുണ്ടുട്ടോ. ടണ്‍ കണക്കിനില്ലെങ്കിലും കിലോകണക്കിന് ഫണ്ണുമായി ഒരു എഫ്. എം സ്റ്റേഷന്‍ തുടങ്ങാനുള്ള ആലോചനയിലാണ് ഞാന്‍. ശ്രീ വെറുതെ സ്‌കോട്ട്‌ലാന്റിലൊന്നും പോയി ഇത്രയേറെ ജോലി ചേയ്യേണ്ട. നിങ്ങളെ പ്രോഗ്രാം ഡയറക്ടറായി നിയമിക്കും. നല്ല സാലറി തരും. അതില്‍ ഗാന്ധിമാര്‍ഗ്ഗം നിങ്ങള്‍ ചെയ്യണംട്ടോ. മനോഹര ശബ്ദത്തിനുടമയായ മുത്തേ നിനക്കൊരുമ്മ.”
ഞാന്‍ ശ്രീയെ കണക്കിനു കളിയാക്കും: “ കള്ളനെ പിടിക്കാന്‍ പോയ പോലീസാണ്. ഇപ്പോള്‍ കണ്ടില്ലേ കള്ളനുമായാ കൂട്ട്. ബെസ്റ്റ് മാഷ്. ”
സംഗീതം, പ്രപഞ്ചോല്‍പ്പത്തി, ബാല്യം.... ശ്രീയും ചന്തുവും തമ്മില്‍ സംസാരിക്കാത്ത വിഷയങ്ങളില്ല. പക്ഷേ, അപ്പോഴും തന്നെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും പറയാതിരിക്കാന്‍ ചന്തു ശ്രദ്ധിച്ചു കൊണ്ടേയിരുന്നു...
അതില്‍ കുറ്റബോധവുമുണ്ടായിരുന്നു ചന്തുവിനെന്നു തോന്നുന്നു.
ഇടയ്‌ക്കെപ്പോഴോ എഴുതി...
“ പറ്റിക്കുന്നുണ്ടോ ഞാന്‍?
ഒരു തരം നില്ക്കകള്ളിയില്ലായ്മ ഉണ്ട്, മാനസികമായി..
അതുകൊണ്ടാ... എന്നെ കുറിച്ചൊന്നും പറയാത്തത്..
വല്ലാത്ത വേദനയുണ്ട്്...
ഇപ്പോള്‍ പതുക്കെ ദൈവ സമര്‍പ്പണത്തിനുള്ള ഒരുക്കത്തിലാണ്...
വിശദമായി പിന്നെ പറയാം..
എന്നെ വെറുക്കരുതേ...
സ്‌നേഹത്തോടെ
............... ”
പേരിനു പകരം കുറേ കുത്തുകളിട്ടുവെച്ചു ചന്തു.

ഇടയ്ക്ക് നിശബ്ദത... ചിലപ്പോള്‍ നീണ്ട മെയിലുകള്‍, ഭംഗിയായി മലയാളത്തില്‍ ടൈപ്പ് ചെയ്ത് ജെ പി ജി ഫയലായി അയച്ചു തരും... മഴ കൊണ്ട് മണ്ണിലിറങ്ങി കളിച്ച കഥയൊക്കെ പറയും. പിന്നെ സ്വയം നാണിക്കും: “ അയ്യേ, ഇതൊക്കെ പറഞ്ഞ് പിന്നീട് നിങ്ങളുടെ മുന്നിലെങ്ങാന്‍ വന്നു പെട്ടുപോയാല്‍ ഞാന്‍ ചമ്മി ചത്തു പോവും- ആണുങ്ങള്‍ക്ക് പേരുദോഷമുണ്ടാക്കാനായിട്ട്. പൊട്ടന്‍. ”
വായിക്കുമ്പോള്‍ ഞങ്ങള്‍ സ്വയം ചിരിച്ചു പോവും... മുന്നില്‍ വന്നു നിന്നു പറയുന്നതു പോലെ... അത്ര ലൈവായിരുന്നു ചന്തുവിന്റെ മെയിലുകള്‍. ഇടയ്ക്ക് ഒരു ദിവസം, ഒരു സര്‍പ്രൈസ് തരട്ടെ എന്ന മുഖവുരയോടെ എന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ചന്തുവിനോട് പറഞ്ഞതും ശ്രീയാണ്.
വിവാഹ മംഗളാശംസകള്‍ നേര്‍ന്നതോടൊപ്പം കൃഷ്ണാജി നല്ല ആളാണല്ലോ എന്ന് തിരക്കാനും ചന്തു മറന്നില്ല. ഒപ്പം ശ്രീയോട് ഒരപേക്ഷയും, “ എന്നും ഒരു സഹോദരനെ പോലെ, നല്ല സുഹൃത്തായി നിങ്ങള്‍ എപ്പോഴും അവരെ ശ്രദ്ധിക്കണം.”
“ ഏട്ടന്‍മാരില്ല എന്ന നിന്റെ പരാതി തീര്‍ന്നല്ലോ? ” ശ്രീയെന്ന കളിയാക്കി. പിന്നീടുള്ള മെയിലുകളില്‍ കൃഷ്ണാജിക്കുള്ള അന്വേഷണങ്ങളും കാണും. ഞാനും കൃഷ്ണാജിയും എഴുതുന്ന നുറുങ്ങ് ലേഖനങ്ങള്‍ വരെ ചന്തു തേടി പിടിച്ച് വായിക്കും. അഭിപ്രായം പറയും. അതൊന്നും കിട്ടാത്ത നാട്ടില്‍ കിടക്കുന്ന ശ്രീക്ക് ഓരോ ലേഖനങ്ങളുടെയും സാരാംശം ചന്തു പറഞ്ഞു കൊടുക്കും. ഇടയ്ക്ക് നര്‍മ്മം തുളുമ്പുന്ന മെയിലുകളും കാണും.

പക്ഷികളോടും പ്രാണികളോടും ഇഴജന്തുക്കളോടുമൊക്കെ വലിയ ഇഷ്ടമായിരുന്നു ചന്തുവിന്. മിക്ക മെയിലിലും കാണും നാഗമോഹന്‍ പക്ഷിയും തുന്നാരന്‍ കിളിയും ചിന്നക്കുട്ടുറവനും ചൈനീസ് മഞ്ഞക്കിളികളും മൈനയും കാക്കകുയിലും കാക്കയും മണ്ണാത്തിക്കിളിയും ആനറാഞ്ചിയുമൊക്കെ... യാത്രകളെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്ന ചന്തു ഒരിക്കല്‍ എഴുതി..
“ കാട്ടിനുള്ളിലൂടെ കുറേ ദൂരം നടന്നു. അപ്പോഴാണ് വെള്ള നീളന്‍ കുപ്പായമണിഞ്ഞ് ഒരു മാലാഖ ഒളിച്ചിരിക്കുന്നത് കണ്ടത്. നാഗമോഹന്‍ പക്ഷിയായിരുന്നു അത്. സുന്ദരി എന്നു വിളിക്കാനൊക്കില്ലല്ലോ..ആണല്ലേ അത്. അതിന്റെ പെണ്ണൊരു മണ്‍കളറുള്ള കുള്ളത്തി കറുത്ത തൊപ്പിക്കാരിയാണ്. നോക്കണേ, സത്യത്തില്‍ പെണ്ണുങ്ങളെയൊന്നും കാണാന്‍ കൊള്ളില്ല. (തുമ്പി, കോപിക്കല്ലേ... ജീന്‍സിടുന്ന പെണ്‍കുട്ടികളെയൊക്കെ ആണ്‍ക്കുട്ടികളുടെ സംസ്ഥാനസമ്മേളനം അംഗീകരിച്ചിട്ടുണ്ട്.) ”
വിവാഹതിരക്കുകള്‍, ജോലി മാറ്റങ്ങള്‍....തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക്... നെറ്റില്‍ കയറാന്‍ പോലും ചിലപ്പോള്‍ സമയം കിട്ടില്ല... ചന്തുവിന്റെ മെയിലുകള്‍ക്ക് മറുപടി കൊടുക്കാന്‍ കഴിയാതെയായി പലപ്പോഴും.. പക്ഷേ ഒരു ദിനചര്യയെന്ന പോലെ ഞങ്ങളുടെ വിശേഷങ്ങള്‍ ചന്തു തിരക്കി കൊണ്ടിരുന്നു... ശ്രീ, ചന്തുവിന്റെ മെയിലുകള്‍ക്കൊക്കെ മറുപടി നല്‍കും... വിശേഷങ്ങള്‍ എന്നെ അറിയിക്കും... അവസാനമായപ്പോഴേക്കും എല്ലാറ്റില്‍ നിന്നും മാനസികമായി അകലാനുള്ള തയ്യാറെടുപ്പിലായിരുന്നു ചന്തു. വാക്കുകളില്‍ സന്യാസം, വല്ലാതെ കൊതിപ്പിക്കുന്ന അവസ്ഥയായി കടന്നു വന്നു പലപ്പോഴും... പിന്നെ എന്തൊക്കെയോ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടും... ജോലി മാറ്റവും പഠനവും ഒക്കെ കൊണ്ട് ശ്രീയും അതിനിടെ ബിസ്സിയായി... ചന്തു മെയിലുകള്‍ ചെയ്തിരുന്നു.. പക്ഷേ റിപ്ലേ ചെയ്യാന്‍ ശ്രീ യ്ക്കു പറ്റിയില്ല... എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് ശ്രീ തിരിച്ചു വന്നപ്പോഴേക്കും ചന്തുവിനെ കാണാനില്ലായിരുന്നു... അയച്ച മെയിലുകള്‍ക്കൊന്നും മറുപടിയില്ല... വേദനയോടെ ശ്രീ വിളിച്ചു: “ ടീച്ചറേ, ചന്തു എവിടെയോ പോയി... എന്റെ അടുത്താ തെറ്റുപറ്റിയത്... എന്റെ തിരക്കുകള്‍... അവനെ ഞാന്‍ അവഗണിച്ചതു പോലെ തോന്നി കാണും.... ”
പലപ്പോഴും ശ്രീയുടെ ശബ്ദം ഇടറി. “ ഐ മിസ്സ് ഹിം എ ലോട്ട്.... ” ചിലപ്പോള്‍ അതുമാത്രമെഴുതി അയക്കും ശ്രീ. അവര്‍ക്കിടയിലെ സൗഹൃദം എത്ര ദൃഢപ്പെട്ടിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു... എനിക്കും കുറ്റബോധം തോന്നി തുടങ്ങി... തിരക്കുകളെ പഴി ചൊല്ലുമ്പോഴും വേണമെങ്കില്‍ കാത്തു സൂക്ഷിക്കാമായിരുന്നു ആ സൗഹൃദമെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു.
ഞങ്ങള്‍ ഇടയ്ക്ക് ചന്തുവിന്റെ ബ്ലോഗില്‍ പോയി നോക്കും: തുമ്പി....
ആത്മാവിനെ സ്പര്‍ശിക്കുന്ന വരികള്‍ എഴുതുന്ന, ഒരുപാട് പ്രതിഭയുള്ള, വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ പ്രാപ്തിയുള്ള ഒരു കവിയെ അവിടെ പലവട്ടം ഞങ്ങള്‍ വായിച്ചു.
മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...
പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...
എന്ന് തനിക്ക് നിര്‍വച്ചനമെഴുതി ചന്തു കുറിച്ചു വെച്ച വാക്കുകള്‍:

നിന്നെ മറന്നെന്നോ?

( നീ പാതി)
നീ കോറിയിട്ട മൈലാഞ്ചി കുസൃതികള്‍
ഇപ്പോഴുമെന്റെ കൈതണ്ടയിലുണ്ട്.
നീ തന്ന മഞ്ചാടിമണികള്‍ക്കിപ്പോള്‍
ഇലകള്‍ മുളച്ചു.
നിറ നിലാ പൊലിമയില്‍ നീ അന്നു കാട്ടി തന്ന,
നക്ഷത്രങ്ങളെ ഉമ്മ വെക്കുന്ന
രാത്രി മേഘങ്ങളാണെനിക്കിപ്പോഴും കൂട്ട്.

(ദൈവം പാതി)
നീ തന്ന പൂവിതളിലിരുന്നാണ് ഞാനിപ്പോഴും
പുഴ കടക്കാറുള്ളത്.
നിന്റെ പൂമ്പാറ്റ ചിറകിലിരുന്നാണ്
ഇപ്പോഴുമെന്റെ ആകാശസഞ്ചാരം.
നിന്റെ കണ്ണുകളാല്‍ വെളിച്ചമിട്ട
വഴികളിലാണെന്റെ നടത്തം.
രാത്രിയിലെന്റെ മിഴിയടയുന്നത് നിന്നിലേക്ക്.
എന്റെ പകലുകള്‍ നീ തന്ന സൗജന്യം.

(മന്ധരയെന്റെ വേരറുക്കുമ്പോള്‍
നീയാണിപ്പോഴുമെന്റെ
കാലടികളെ മണ്ണോടണച്ചു നിര്‍ത്തുന്നത്.)

മഞ്ചാടിമണികള്‍ക്ക് ഇല മുളയ്ക്കുന്നത് കിനാവു കാണാനും ഒരു കുഞ്ഞു പൂവിതളില്‍ ഇരുന്ന് പുഴ കടക്കാനും പൂമ്പാറ്റ ചിറകിലിരുന്ന് ആകാശസഞ്ചാരം നടത്താനുമൊക്കെ ചന്തുവിനു മാത്രമേ കഴിയൂ എന്ന് ഞങ്ങളിപ്പോഴും വിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസം ശ്രീ വിളിച്ചപ്പോള്‍ വീണ്ടും ചന്തു ഞങ്ങളുടെ സംസാരവിഷയമായി.
“ ടീച്ചര്‍, എനിക്ക് ഒരിക്കല്‍ ചന്തുവിനെ കാണണം. ഒരൊറ്റ തവണ മാത്രം.” ഇടറുന്ന സ്വരത്തില്‍ ശ്രീ പറഞ്ഞു. “ നമുക്ക് കണ്ടെത്താം മാഷേ...” ഞാന്‍ വെറുതെ വാക്കു കൊടുത്തു.
“ ഈ മാര്‍ച്ച് അവസാനം ഞാന്‍ നാട്ടില്‍ വരുന്നുണ്ട്. തിരിച്ചു പോവും മുമ്പ് എനിക്കു ചന്തുവിനെ കാണാന്‍ കഴിയുമോ? ”
ശ്രീയുടെ ചോദ്യത്തിന എന്തുത്തരം കൊടുക്കണമെന്നറിയാതെ ഞാന്‍ അശക്തയായി.
ആരെയാണ് ഞങ്ങള്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നത്- മുഖമില്ലാത്ത, സ്വരമില്ലാത്ത, ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടുകാരനെ?
തിരഞ്ഞു കണ്ടു പിടിക്കാന്‍ ഞങ്ങളുടെ കയ്യില്‍ എന്തു തെളിവാണുള്ളത്, ഞങ്ങള്‍ തന്നെയേകിയ ചന്തുവെന്ന പേരും ഒരു ഐടിയുമല്ലാതെ.....
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടേക്കു വേണമെങ്കിലും അപ്രത്യക്ഷനാക്കാന്‍ കഴിയുന്ന ഈ സൈബര്‍ ലോകത്ത് മെയില്‍ ബോക്‌സ് തുറന്നു വെച്ച് ഞങ്ങള്‍ ആരെയാണ് തിരയുന്നത്? ശൂന്യതയിലേക്ക്, ഒരു വാക്കും മിണ്ടാതെ നടന്നു പോയ ഞങ്ങളുടെ പ്രിയപ്പെട്ട ഒരു സുഹൃത്തിനെയോ?
“ എന്തു പറ്റിയിട്ടുണ്ടാകാം ചന്തുവിന്? ”
എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തന്നിരുന്ന ശ്രീയുടെ വേദന നിറഞ്ഞ ഈ ചോദ്യത്തിന് എനിക്കു നല്‍കാവുന്ന ഉത്തരം മൗനം മാത്രമാണ്.