ചില നാടുകളെ നമുക്ക് പ്രണയിക്കാതിരിക്കാന്‍ പറ്റില്ല. എത്ര വെറുക്കാന്‍ ശ്രമിച്ചാലും നമ്മുടെ മനസ്സില്‍ കയറി കൂടുന്ന ചില അപ്രതീക്ഷിത പ്രണയബന്ധങ്ങളെ പോലെയാണത്. ഒരു കള്ളനെ പോലെ പതുങ്ങി വന്ന് മനസ്സിലെ ഇഷ്ടം കവര്‍ന്ന നാടാണ് എനിക്ക് കൊച്ചി. കൊച്ചിയെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്ന് മനസ്സു തിരിച്ചറിയുന്നതു പോലും വളരെ വൈകിയാണ്. അതുവരെ എന്റെ ഇഷ്ടം കോഴിക്കോടിനോടു മാത്രമായിരുന്നു.
കോഴിക്കോടായിരുന്നു എന്നുമെന്റെ ഒബ്‌സെഷന്‍. കോഴിക്കോടുകാരിയാണെന്ന് പറയാനായിരുന്നു എന്നും ഇഷ്ടം. അതൊരര്‍ത്ഥത്തില്‍ കള്ളമാണെങ്കില്‍ കൂടി ഞാന്‍ അങ്ങനെ തന്നെ പറഞ്ഞു പോന്നു. (ആ കള്ളത്തെ ന്യായീകരിക്കാന്‍ എന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന വാദം, കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഞാന്‍ പിറന്നതെന്ന സത്യം മാത്രമായിരുന്നു) സത്യത്തില്‍ എന്റെ അയല്‍നാടായിരുന്നു കോഴിക്കോട്. കൃത്യമായി പറഞ്ഞാല്‍ വീട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്. കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും അതിര്‍ത്തി വേര്‍ത്തിരിക്കപ്പെടുന്ന പതിനൊന്നാം മൈല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ അന്നൊക്കെ ഓരോ തവണയും ഞാന്‍ നെടുവീര്‍പ്പിട്ടിട്ടുണ്ട്, കോഴിക്കോടിനു കുറച്ചു കൂടി മുന്നോട്ടു വളരാമായിരുന്നു എന്ന്. കോഴിക്കോടന്‍ മണ്ണിന്റെ ഭാഗമാവാനുള്ള കൊതി കൊണ്ടാണ് ദിവസം 80 കിലോമീറ്റര്‍ യാത്ര ചെയ്ത് കോഴിക്കോട്ടെ കോളേജില്‍ പോയി പഠിച്ചത്. ഒരു കോഴിക്കോട്ടുകാരന്‍ പയ്യനെ വിവാഹം കഴിച്ച് വരുംകാലങ്ങളിലെങ്കിലും കോഴിക്കോട്ടുകാരിയാവണം എന്നതായിരുന്നു എന്റെ വിവാഹസ്വപ്‌നം. ( ജീവിതത്തില്‍ ആ കിനാവ് യാഥാര്‍ത്ഥ്യമായത് യാദൃശ്ചികം. )
ഏതു നാട്ടില്‍ പോയാലും കോഴിക്കോടിലെ മനുഷ്യരെ കുറിച്ച്, അതിഥിസ്‌നേഹത്തെ കുറിച്ച്്, ആത്മാര്‍ത്ഥതയെ കുറിച്ച്, രുചിപെരുമയെ കുറിച്ച്, നല്ലവരായ ഓട്ടോക്കാരെ കുറിച്ച് പറയാന്‍ ഒരവസരം കിട്ടിയാല്‍ അറിയാതെ വാചാലയായി പോവുമായിരുന്നു ഞാന്‍. ജോലി തേടി 5 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ വരുമ്പോഴും മനസ്സു നിറയെ കോഴിക്കോടു തന്നെയായിരുന്നു. ഒരുപാട് കാശൊക്കെ സമ്പാദിച്ച് തിരിച്ച് പോയി കോഴിക്കോടന്‍ മണ്ണില്‍ സ്ഥിരതാമസമാക്കണം എന്നായിരുന്നു ആഗ്രഹം.
നഗരത്തിന്റെ ധാര്‍ഷ്ട്യങ്ങളെല്ലാം ഉള്ള ഒരു നാടായിരുന്നു എന്റെ കണ്ണില്‍ കൊച്ചി. കൊതുകും മാല്യന്യവും കൊണ്ട് ജീവിതം ദുസ്സഹമാവുന്ന ഒരിടം. നാട്ടിന്‍പ്പുറത്തെ വീട്ടില്‍, എല്ലാ ജനല്‍ വാതിലുകളും തുറന്നിട്ടു നിലാവിനേയും ചന്ദ്രനെയും കണ്ട് ഇളം കാറ്റേറ്റ് ഉറങ്ങി ശീലിച്ച എനിക്ക് ജയിലറ പോലെയായി കൊച്ചി പലപ്പോഴും. ഒരിക്കലും തുറക്കാത്ത ജനവാതിലുകള്‍, ഇനി അഥവാ തുറന്നാലും അവയ്ക്കു അലങ്കാരം പോലെ നെറ്റ് അടിച്ചിരിക്കും. കാറ്റിന് പലപ്പോഴും ദുര്‍ഗന്ധത്തിന്റെ അകമ്പടി. തെളിനീരുറവ പോലെയുള്ള വെള്ളം കിണറില്‍ നിന്നു കോരി കുടിച്ചു ശീലിച്ച ഞാന്‍ ക്ലോറിന്‍ ചുവയുള്ള കുടിവെള്ളം അറപ്പോടെ കുടിച്ചിറക്കി. അപരിചിതത്വം അലങ്കാരമായി കൊണ്ടു നടക്കുന്ന സഹപ്രവര്‍ത്തകരേയും അയല്‍വാസികളേയും കണ്ട് സങ്കടം തോന്നി. സ്‌നേഹം എന്തെന്നറിയണമെങ്കില്‍ എന്റെ കോഴിക്കോട്ടേക്കു വാാാ എന്ന് മനസ്സില്‍ കൊച്ചിയെ വെല്ലുവിളിക്കുകയായിരുന്നു അന്നൊക്കെ.
ഒരു കസേരയില്‍ കുറച്ചു ദിവസം ഇരുന്നാല്‍ അതിനോടു പോലും ആത്മബന്ധം തോന്നിപ്പോവുകയും അവിടെ നിന്ന് മാറി ഇരിക്കേണ്ടി വന്നാല്‍ സങ്കടപ്പെടുകയും ചെയ്യുന്നത്ര ഇമോഷണല്‍ സിക്ക്‌നെസ്സ് ഉള്ള ഞാന്‍ പക്ഷേ കൊച്ചിയില്‍ മനസ്സിനിഷ്ടപ്പെട്ട ഒരു കൂടു തേടി എത്രയോ നാളുകള്‍ അലഞ്ഞു തിരിഞ്ഞു. 5 വര്‍ഷത്തിനിടെ 11 താമസസ്ഥലങ്ങള്‍!!! ഫോര്‍ട്ടു കൊച്ചി, ബോള്‍ഗാട്ടി, തേവര, കടവന്ത്ര, പനമ്പള്ളി നഗര്‍, വടുതല.... അപ്പോഴൊക്കെ കലശമായ ദേഷ്യത്തോടെയും സങ്കടത്തോടെയും വെറുക്കുകയായിരുന്നു കൊച്ചിയെ. അതിരൂക്ഷമായ സമ്മര്‍ദ്ദങ്ങളിലാണ് പലപ്പോഴും ആ വെറുപ്പ് എന്നെ കൊണ്ടെത്തിച്ചത്. മതി ഈ നാട്ടിലെ ജീവിതം എന്നു കലി പൂണ്ട് കോഴിക്കോട്ടേക്കു തന്നെ പോവാന്‍ ഒരുങ്ങി. പക്ഷേ വിട്ടിട്ടു പോവാന്‍ കഴിയാത്ത എന്തോ ഒന്ന് എപ്പോഴും ഈ നഗരത്തോടെന്നെ ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു, വെറുത്ത് വെറുത്ത് പ്രണയിക്കുകയായിരുന്നല്ലോ ദൈവമേ ഞാനീ നഗരത്തെ!
ഇന്ന്, ഈ നഗരം എത്ര ആഴത്തില്‍ എന്റെ ഉള്ളില്‍ വേരുകളാഴ്ത്തിയിരിക്കുന്നു എന്നറിയണമെങ്കില്‍ കുറച്ചു ദിവസം ഇവിടെ വിട്ടു നിന്നാല്‍ മാത്രം മതി. പ്രിയപ്പെട്ടതെന്തോ പിന്നില്‍ ഉപേക്ഷിക്കപ്പെട്ടതു പോലെ ഒരു വേദന എന്നെ പൊതിയും.... കല്ലുമ്മക്കായും നിറയെ സ്‌നേഹവുമായി എപ്പോഴും മനസ്സിനേയും ഓര്‍മ്മകളേയും തരളിതമാക്കുന്ന ഭര്‍ത്തൃവീടിന്റെ തണലില്‍ നില്‍ക്കുമ്പോഴും കൊച്ചി തിരികെ വിളിക്കുന്ന പോലെ തോന്നും. ഒരാഴ്ച ഈ നശിച്ച നാട്ടില്‍ നിന്ന് മാറി നിന്നേക്കാം എന്നു കരുതി കോഴിക്കോട്ടേക്കു വണ്ടി കയറിയ ഞാന്‍ ഓരോ തവണയും ലീവ് വെട്ടി കുറച്ച് പെട്ടെന്നു തന്നെ തിരികെ ഓടിവരുന്നു, കൊച്ചിയിലെ വാടകവീട്ടിലേക്ക്. അപ്പോഴൊക്കെ ഞാനറിയും, ഈ നഗരത്തോട് എന്റെ ഉള്ളില്‍ അടക്കാനാവാത്ത പ്രണയം വളരുന്നുവെന്ന്.
ഈ നഗരം തന്ന അനുഭവങ്ങള്‍ ഏറെയാണ്. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആ പഴയ കോഴിക്കോടുകാരിയല്ല ഇപ്പോള്‍ ഞാന്‍. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഈ നഗരം തന്ന പാഠങ്ങള്‍ അവ ഒരുപാട് മാറ്റിയിരിക്കുന്നു എന്നെ. ഓര്‍മ്മകളുടെ ഒരു കടലാണ് ഈ നഗരം ഇന്നെനിക്ക്. ദര്‍ബാര്‍ ഹാളിലെ പച്ചപ്പ്, ഹനുമാന്‍ കോവില്‍, സുഭാഷ് പാര്‍ക്കിലെ കായല്‍ക്കാറ്റ്, മറൈന്‍ ഡ്രൈവിന്റെ തിരക്ക്, ബോള്‍ഗാട്ടിയുടെ ശാന്തത, ഫോര്‍ട്ട്‌കൊച്ചിയിലെ ചീനവലകള്‍, മട്ടാഞ്ചേരിയുടെ ചരിത്രമുറങ്ങുന്ന വീഥികള്‍, വൈപ്പിന്‍ ബീച്ചിലെ ആ ഒറ്റമരം, ചെമ്മീന്‍ കെട്ടിനരികിലെ പ്രിയ സുഹൃത്തിന്റെ വീട്, തൃപ്പൂണിത്തുറയുടെ ആഢ്യത്വം, ചെറായി ബീച്ചിന്റെ വശ്യത, കലൂരിന്റെ അഴിയാത്ത ട്രാഫിക് കുരുക്ക്, ഒബ്‌റോണ്‍ മാളിലെ ഉല്‍സവങ്ങള്‍, ലൂര്‍ദ്ദ് ഹോസ്പിറ്റലിന്റെ വരാന്തയില്‍ നിന്നു കണ്ട അഴകുള്ള ഒരു മഴ, ഗോശ്രീ പാലത്തിലെ കാഴ്ചകള്‍, വല്ലാര്‍പ്പാടം പള്ളി, ചിറ്റൂര്‍ ക്ഷേത്രം, വളരുന്ന കാക്കനാടിന്റെ കുട്ടിപ്രായം, ലോര്‍ഡ്‌സ് കോട്ടേജ്, തേവര മാര്‍ക്കറ്റ്, ബ്രോഡ് വേയിലൂടെ ഒഴുകുന്ന പുരുഷാരം, കോണ്‍വെന്റ് ജംഗ്ഷനിലെ സുന്ദരികള്‍, എം ജി റോഡിലൂടെയുള്ള അലസ ഗമനം, കൊച്ചിയിലെ തിയേറ്ററുകള്‍, ഗ്രാഫിറ്റിയിലെ ഷോപ്പിംഗ്, നഗരത്തിരക്കുകളില്‍ കുടുങ്ങാതെ പോക്കറ്റു റോഡുകളിലൂടെയുള്ള രക്ഷപ്പെടല്‍, ഞായറാഴ്ചയിലെ ഗുരുദ്വാര്‍ മധ്യാഹ്നങ്ങള്‍, സിലോണ്‍ ഹോട്ടലിലെ ബിരിയാണി, കറിലീഫിലെ പെപ്പര്‍ ചിക്കന്‍, റിയല്‍ അറേബ്യയിലെ ഗ്രില്‍ഡ് ചിക്കന്‍, പനമ്പള്ളി നഗറിലെ പോഷ് വീഥികള്‍, ആന്ധ്രാമീല്‍സ്, ലോ ഫ്‌ളോര്‍ ബസ്സിലെ രാജകീയ യാത്ര, കൊച്ചിക്കാരുടെ ഞങ്ങ, നിങ്ങ വിളികള്‍ തുടങ്ങി ഓര്‍മ്മകളുടെ ഓരോ പൊതിയഴിക്കുമ്പോഴും കാണും കൗതുകങ്ങളുടെയും സന്തോഷത്തിന്റെയും നൂറുനൂറു മിഠായികള്‍! ഇനിയൊരിക്കലും ഇവിടെ വിട്ടു പോവാന്‍ കഴിയാത്ത വിധം എന്റെ ഉള്ളില്‍ വേരുറച്ചു പോയിരിക്കുന്നു കൊച്ചി.
Friday, April 8, 2011
Subscribe to:
Posts (Atom)