Friday, February 26, 2010

ഒരു തുമ്പിക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്...

വ്യത്യസ്തനായ ഒരു സുഹൃത്ത്.... അയാളെ കുറിച്ചാണ് ഈ പോസ്റ്റ്... ഞങ്ങളൊരിക്കലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത... കേവലം മെയിലുകളിലൂടെയും സ്‌ക്രാപ്പുകളിലൂടെയും ചാറ്റിങ്ങിലൂടെയും മാത്രം ഞങ്ങളറിയുന്ന ഒരു സുഹൃത്തിനെ കുറിച്ച്.... പെട്ടൊന്നൊരു നാള്‍ അയാള്‍ എവിടേക്കാണെന്ന് പോയതെന്നറിയില്ല. നിരന്തരം ബഹളം വെച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ പെട്ടെന്ന് നിശബ്ദനായി പോവുമ്പോള്‍ ഉണ്ടാവുന്ന ശൂന്യത ഞങ്ങള്‍ അറിഞ്ഞു തുടങ്ങിയതും അതിനു ശേഷമാണ്.. അപ്പോഴാണ് ഞങ്ങള്‍ അയാളെ തിരയാന്‍ തുടങ്ങിയത്... പക്ഷേ രണ്ടു മെയില്‍ ഐഡികളും ഞങ്ങള്‍ തന്നെ ചാര്‍ത്തി കൊടുത്ത ഒരു പേരും മാത്രമേ അയാള്‍ക്കുള്ളൂ. (തന്നെ സംബന്ധിക്കുന്ന കാര്യങ്ങളത്രയും രഹസ്യമായി വെയ്ക്കണമെന്ന് അയാള്‍ ആഗ്രഹിച്ചതെന്തിനാണാവോ?) ഞങ്ങളയാളെ ചന്തുവെന്നു വിളിച്ചു. അങ്ങനെ വിളിച്ചപ്പോഴൊക്കെ അയാള്‍ വിളി കേള്‍ക്കുകയും ചെയ്തു... പിന്നീട് ആ വിളിയെ സത്യമാക്കാനെന്നവണ്ണം അയാള്‍ സൈബര്‍ലോകത്തും ആ പേരു തന്നെ സ്വീകരിച്ചു.. ഒരു വ്യാജമേല്‍വിലാസത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആള്‍ക്ക് അതിലും നല്ലൊരു പേര് ഞങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനില്ലായിരുന്നു... ഇടയ്ക്ക് ആളുകള്‍ ആ പേരിനെ തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അയാള്‍ ഞങ്ങളോട് പരാതിപ്പെട്ടു....
“ പ്രിയമുള്ള തുമ്പിക്കും ശ്രീക്കും..
ഈ ചന്തു എന്ന പേരാണെന്നു തോന്നുന്നു പണി പറ്റിക്കുന്നത്. ചതിയനായ ചന്തു എന്നത് എം. ടി എത്ര ശ്രമിച്ചിട്ടും മാറ്റി കിട്ടാത്ത പ്രയോഗമാണ്. ഞാനൊരു അഭ്യര്‍ത്ഥന നടത്താന്‍ പോവുകയാണ്.. എന്റെ പേരൊന്നു മാറ്റി തര്വോ...ചന്തുവിനൊപ്പം ഒരു വാലെങ്കിലും... ? ”
..........................

ഞാന്‍ അയാളെ പരിചയപ്പെടുന്നത് എപ്പോഴാണെന്ന് നല്ല ഓര്‍മ്മയില്ല. ഓര്‍ക്കുട്ട് സൗഹൃദങ്ങളുടെ വസന്തോത്സവമായ ഒരു കാലത്ത്... മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്... അന്നാണെന്നു തോന്നുന്നു, തല്ലിപ്പൊളി എന്ന വ്യാജപ്പേരുമായി അയാള്‍ എന്റെ സ്‌ക്രാപ്പ് ബുക്കിലേക്ക് അതിക്രമിച്ചു കയറിയത്. വെറുതെയിരിക്കുന്ന ആളുകളെ വരെ ദേഷ്യം പിടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പ്രകൃതം... അതായിരുന്നു അയാള്‍.

ആരെങ്കിലും തല്ലിപ്പൊളി വര്‍ത്തമാനങ്ങളുമായി വന്നാല്‍ അവരുടെ അഹന്തക്കും തല്ലുകൊള്ളിത്തരത്തിനും മറുപടി പറയാതെ ഉറക്കം വരില്ലെന്ന വാശികള്‍ ഞാന്‍ കൊണ്ടു നടന്നിരുന്ന കാലമായിരുന്നു അത്... അപരിചിതനായ ആ കടന്നു കയറ്റക്കാരന്റെ തല്ലുകൊള്ളിത്തരങ്ങള്‍ക്ക് ചുട്ട മറുപടി തന്നെ കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു... ഇത് തല്ലു കിട്ടുന്ന കേസാണെന്നു മനസ്സിലായാല്‍ ഓടിയൊളിക്കുന്ന പതിവു അജ്ഞാത പ്രൊഫൈല്‍ ഉടമകളില്‍ നിന്നും വ്യത്യസ്തനായിരുന്നു അയാള്‍... ഞാനൊരു തല്ലിപ്പൊളിയാണെന്ന് സ്വയം പ്രഖ്യാപിച്ച അയാള്‍ക്കു മുന്നില്‍ എന്റെ ഭീഷണികളൊന്നും വില പോയതേയില്ല....

വഴക്കു കേള്‍ക്കുന്നത് ഒരു ദിനചര്യയെന്ന പോലെ അയാള്‍ അത് തുടര്‍ന്നു കൊണ്ടിരുന്നു... കുറേ കഴിയുമ്പോള്‍ താനെ ഒഴിഞ്ഞു പോവുമായിരിക്കും ഈ അജ്ഞാതന്‍ എന്നു ഞാനും കരുതി. അയാളോട് അടുക്കാനും അകലാനും പോവാതെ ഞാന്‍ എന്റെ ജീവിതം ഉത്സവമാക്കി. ഇങ്ങനെയൊരു അജ്ഞാതനെ കുറിച്ച് മറ്റാരോടെങ്കിലും പറയണമെന്നു പോലും എനിക്ക് തോന്നിയില്ല.... പക്ഷേ അയാള്‍ എന്നെ വായിച്ചു കൊണ്ടേയിരുന്നു....

ഇടയ്‌ക്കെപ്പോഴോ ആണ് ഞാന്‍ അയാളുടെ പ്രൊഫൈല്‍ വിശദമായി നോക്കുന്നത്... അപാരമായ കാവ്യഭാവനയുള്ള ഒരാള്‍... എനിക്കത്ഭുതം തോന്നി... ആ കാവ്യാത്മക വെച്ചു നോക്കുമ്പോള്‍ അയാള്‍ അത്രമേല്‍ അന്തര്‍മുഖനും ഏകാകിയുമായ ഒരാളാവേണ്ടതാണ്... (അത്തരം അന്തര്‍മുഖ പ്രതിഭകളെയാണല്ലോ നമുക്ക് കണ്ടു ശീലം)... ഇതൊരു ബഹളക്കാരന്‍.... വായാടി... തോന്നുന്നത് തോന്നും പോലെ വിളിച്ചു പറയുന്നവന്‍... പക്ഷേ സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും അറിയുന്ന വ്യക്തിയാണ് അയാളെന്ന് അതിനകം എനിക്ക് ബോധ്യപ്പെട്ടിരുന്നു... എന്തൊക്കെ വീരവാദങ്ങള്‍ പറഞ്ഞാലും 'നിങ്ങള്‍' എന്ന അതിസംബോധന അതിനൊപ്പം കാണും... സഭ്യമായ ഭാഷയേ അയാള്‍ എന്നും ഉപയോഗിച്ചിരുന്നുള്ളൂ. അയാള്‍ അത്രയേറെ അപകടകാരിയല്ല എന്നു ബോധ്യപ്പെട്ടതിനാല്‍ അയാളെ പൂര്‍ണ്ണമായും ഒഴിവാക്കുക, സൈബര്‍സെല്ലില്‍ പരാതിപെടുക തുടങ്ങിയ കടുത്ത തീരുമാനങ്ങളിലേക്ക് ഞാന്‍ പോയില്ല... മാത്രമല്ല, വല്ലപ്പോഴുമൊക്കെ അയാളുടെ തല്ലുകൊള്ളി സ്‌ക്രാപ്പുകള്‍ക്കും ചാറ്റിനും മറുപടി കൊടുക്കുകയും ചെയ്തു.

വഴക്കടിക്കുമെങ്കിലും ഒരനിയത്തിയോടുള്ള വാത്സല്യം അയാള്‍ക്ക് എന്നും ഉണ്ടായിരുന്നു. “ തല്ലിപ്പൊളി എന്ന പേര് മാറ്റി കൂടേ, അതെത്ര ബോറാ” എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: “ എങ്കില്‍ തുമ്പി പെങ്ങളു തന്നെ ഈ തല്ലിപ്പൊളിക്കു ഒരു പേരു തരൂ.” ആ അവസരവും അയാളെ കളിയാക്കാനാണ് ഞാന്‍ വിനിയോഗിച്ചത്, ഡ്രാക്കുള, ഹനുമാന്‍, ഭൂതം തുടങ്ങി മറ്റുള്ളവര്‍ക്ക് അപഹസിക്കാന്‍ ഇട നല്‍കുന്ന പേരുകള്‍ നിര്‍ദ്ദേശിച്ചു. ഒരുപക്ഷേ ആ നിര്‍ദ്ദേശങ്ങള്‍ അയാളെ വേദനിപ്പിച്ചിരിക്കണം. ഒടുവില്‍ പേര് ചന്തു എന്നാക്കാമെന്ന എന്റെ നിര്‍ദ്ദേശത്തോട് അയാള്‍ യോജിച്ചു... ചന്തു, ചന്തു, ചന്തു... മൂന്നു തവണ ടൈപ്പ് ചെയ്ത് ഞാന്‍ അയാള്‍ക്ക് പേരിട്ടു. ക്രമേണ അയാള്‍ സൈബര്‍ലോകത്തും ചന്തുവായി...

ഇടയ്ക്ക് ഒരു ദിവസം, അന്ന് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് സമ്മിറ്റ് ചെയ്യേണ്ട അവസാന ദിവസമായിരുന്നു. എന്റെ ആറുമാസത്തെ അലച്ചില്‍. പ്രധാനപ്പെട്ട ഒരു മെയില്‍ കാത്ത് ജിമെയിലും തുറന്ന് വച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് കത്തുന്ന പച്ച ലൈറ്റിനൊപ്പം ചന്തുവിന്റെ പേര് തെളിഞ്ഞത്. “ തുമ്പീ....” എന്നൊരു നീണ്ട വിളിയോടെ ചാറ്റ് വിന്‍ഡോ തുറന്നു വന്നു. ഇപ്പോഴാ ചാറ്റിങ് എന്ന ദേഷ്യത്തോടെ ഞാന്‍ ആ വിന്‍ഡോ ക്ലോസ് ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ വീണ്ടുമതാ വിന്‍ഡോ തുറക്കുന്നു. “ തുമ്പീ... പേരുണ്ടോ തുമ്പീ? നല്ല പേരുണ്ടോ തുമ്പീ? എന്റെ ബ്ലോഗിനിടാന്‍ പറ്റിയ പേരുണ്ടോ തുമ്പീ? ”
എനിക്കു വന്ന കലി ചില്ലറയൊന്നുമല്ല. മനുഷ്യനിവിടെ ഭക്ഷണം പോലും കഴിക്കാതെ ഒരു മെയിലും കാത്തിരിക്കുമ്പോള്‍ ആണ് ബ്ലോഗിന്റെ പേരിടല്‍ കര്‍മ്മം. “ പേരു പറയാന്‍ ഇപ്പോള്‍ സൗകര്യമില്ല. വേറെ പണിയുണ്ട് മനുഷ്യന്.” എന്ന് കടുപ്പിച്ചൊരു റിപ്ലേ വിരലുകള്‍ കൊടുത്തത് മനസ്സു പോലും അറിയും മുമ്പാണ്. “ എന്നാല്‍ ഞാന്‍ തുമ്പീടെ പേരെടുത്തു ബ്ലോഗിനിടും... നോക്കിക്കോ.... ” പിണങ്ങി പരിഭവിച്ച് ചന്തു പോയി. പിറ്റേ ദിവസം മെയില്‍ തുറന്നു നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, തുമ്പീ.ബ്ലോഗ്‌സ്‌പോട്ട്.കോം എന്നും പറഞ്ഞതാ കിടക്കുന്നു ചന്തുവിന്റെ പ്രതികാരം. ദേഷ്യത്തേക്കാള്‍ ചിരിയാണ് അപ്പോള്‍ വന്നത്.

പിന്നീട് എപ്പോഴോ ചന്തുവുമായി കൂട്ടായി. എന്റെ സംസാരത്തില്‍ കവിതയുണ്ടെന്നും ഒരു ബ്ലോഗ് തുടങ്ങി കൂടെയെന്നും ആദ്യമായി ചോദിക്കുന്നതും ചന്തു തന്നെ. വാട്ട് ഏന്‍ ഐഡിയ ചന്തു! എന്ന് തലയില്‍ ബള്‍ബ് കത്തി. ബ്ലോഗിങ്ങിന്റെ എബിസിഡി അറിയാത്ത എനിക്ക് ചന്തു തന്നെ ഒരു ബ്ലോഗ് ഡിസൈന്‍ ചെയ്തു തന്നു. തമന്ന എന്ന എന്റെ ആ ബ്ലോഗിന്റെ നടത്തിപ്പുകാരനും സൂക്ഷിപ്പുകാരനുമൊക്കെ അവന്‍ ആയിരുന്നു. പോസ്റ്റുകള്‍ കുത്തി കുറിച്ച് ഞാന്‍ ചന്തുവിന് അയച്ചു കൊടുക്കും. പാഞ്ചാരിയിലും മനോരമ ഫോണ്ടിലുമൊക്കെ ടൈപ്പ് ചെയ്ത ആ ഓര്‍മ്മക്കുറിപ്പുകള്‍ യൂണികോഡിലേക്ക് മാറ്റി ടൈപ്പ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതെല്ലാം ചന്തുവിന്റെ ജോലിയായിരുന്നു. തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ആ ബ്ലോഗ് ശ്രദ്ധിക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. കമന്റ് അറിയിച്ച വായനക്കാര്‍ക്ക് എന്റെ പേരില്‍ നന്ദി അറിയിക്കാനും ചന്തു മറന്നില്ല. ഇടയ്ക്ക് പറയും: “ തുമ്പീ , ഇതാ തുമ്പീടെ പാസ് വേര്‍ഡ്. ഇപ്പോള്‍ ബ്ലോഗ് പോസ്റ്റ് ചെയ്യാനൊക്കെ പഠിച്ചില്ലേ? ഇനി തനിയെ മാനേജ് ചെയ്യാലോ? പാസ് വേര്‍ഡ് മാറ്റികൊള്ളൂ.” പക്ഷേ, അങ്ങനയൊരു ഭയം എനിക്കൊട്ടും ഇല്ലായിരുന്നു. പുറത്തെ ഈ ബഹളങ്ങള്‍ക്കപ്പുറം ആരേയും ദ്രോഹിക്കാന്‍ ചന്തു ഇഷ്ടപ്പെടുന്നില്ല എന്ന് അതിനകം എനിക്കുറപ്പായി കഴിഞ്ഞിരുന്നു. എന്റെ അലസത കാരണം പിന്നീട് ബ്ലോഗില്‍ പോസ്റ്റുകളൊന്നും ചെയ്യാന്‍ തോന്നിയില്ല. അറിയാതെയെപ്പഴോ പാസ് വേര്‍ഡ് അയച്ചു തന്ന ആ മെയില്‍ ഡിലീറ്റായി പോവുകയും ചെയ്തു. കളഞ്ഞുപോയ ആ പാസ് വേര്‍ഡ് ഇതുവരെ എനിക്ക് തിരിച്ചു കിട്ടിയില്ല. എന്റെ കയ്യില്‍ ഉണ്ടാവും എന്ന ധൈര്യത്തിന് ചന്തുവും അന്ന് തന്നെ ആ മെയില്‍ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു. കളഞ്ഞുപോയ പാസ് വേര്‍ഡിനെ കുറിച്ചു പറഞ്ഞ് ചന്തുവും പിന്നീട് പലപ്പോഴും സങ്കടപ്പെട്ടു.

തല്ലിപ്പൊളി ഇമേജില്‍ നിന്നും അപ്പോഴേക്കും കുറേയേറെ മുന്നോട്ടു പോയിരുന്നു ചന്തു. നല്ല സൗഹൃദത്തിന്റെ സുഗന്ധമുണ്ടായിരുന്നു ചന്തുവിന്റെ മെയിലുകള്‍ക്ക്. പക്ഷേ അപ്പോഴും അദൃശ്യനായി ഇരിക്കുന്നതില്‍ ചന്തുവിനോട് എനിക്ക് ഉള്ളില്‍ ദേഷ്യം തോന്നിയിരുന്നു. ഇടയ്ക്ക് ഞാന്‍ വെല്ലുവിളിക്കും: “ ധൈര്യമുണ്ടെങ്കില്‍ സ്വന്തം പേരില്‍ മുന്നില്‍ വരൂ” എന്നൊക്കെ. പക്ഷേ അത്തരം ചൂണ്ടകളിലൊന്നും തന്നെ ചന്തു കയറി കൊത്തിയില്ല. അതോടെ എന്റെ സംശയം ദൃഢപ്പെട്ടു. എന്നെ നന്നായി അറിയാവുന്ന സുഹൃത്തുക്കള്‍ ആരെങ്കിലും തന്നെയാണോ ഈ ചന്തു. എന്റെ സംശയത്തിന് കാരണങ്ങള്‍ പിന്നെയുമുണ്ടായിരുന്നു: ഞാന്‍ ചന്തുവിനോട് സംസാരിക്കാത്ത തീര്‍ത്തും പേഴ്‌സണലായ കാര്യങ്ങള്‍, ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ചന്തു പിന്നീട് ചോദിക്കുമ്പോള്‍ ഞാന്‍ കുഴങ്ങും. എന്റെ നിത്യജീവിതത്തിലെ യാത്രകള്‍, ഞാന്‍ പരിചയപ്പെടുന്ന വ്യക്തികള്‍ തുടങ്ങി പലതും ഞാന്‍ പറയാതെ തന്നെ ചന്തു മനസ്സിലാക്കുന്നുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളില്‍ പലരേയും ഞാന്‍ പലപ്പോഴും സംശയിച്ചു. തീരാ സംശയങ്ങളോടെ മുള്‍മുനയില്‍ നിര്‍ത്തി. ചിലരെ ഭീഷണിപ്പെടുത്തി. ക്രമേണ, ഞാന്‍ അസ്വസ്ഥയാവാന്‍ തുടങ്ങി. എന്നെ ആരോ ഫോളോ ചെയ്യുന്നുവെന്ന തോന്നല്‍. ചന്തുവിനോട് പലപ്പോഴും വഴക്കിട്ടു.

ഒടുവില്‍ ഞാന്‍ എന്റെ ആത്മമിത്രം ശ്രീയുടെ സഹായം തേടി. ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാന്‍ എനിക്കു കൂട്ടാവാറുള്ള ഏക സുഹൃത്താണ് ശ്രീ. എന്റെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും അവന്റെ കയ്യില്‍ എന്നും ഉത്തരമുണ്ടായിരുന്നു. ചന്തുവിനെ കുറിച്ചു പറഞ്ഞപ്പോള്‍ ശ്രീയും എക്‌സൈറ്റഡായി. “ നമുക്ക് കണ്ടുപിടിക്കാം ടീച്ചറേ, ടീച്ചറു വെറുതെ പ്രഷറു കൂട്ടേണ്ട.” ശ്രീയും 'ചന്തുവിനെ തേടല്‍' എന്ന മിഷന്റെ ഭാഗമായി. അങ്ങനെയൊരു മിഷന്‍ പ്ലാന്‍ ചെയ്യുമ്പോഴും ചന്തുവിന് മനസ്സില്‍ നല്ലൊരു സുഹൃത്തിന്റെ സ്ഥാനം ഉണ്ടായിരുന്നു എന്നതാണ് സത്യം. ശ്രീ തന്നെ നേരിട്ട് ചന്തുവിനു മുന്നില്‍ ചെന്നു. 'ചന്തുവിന്റെ ഒളിച്ചുകളി ഞാന്‍ അവസാനിപ്പിക്കാന്‍ പോവാ' എന്നും പറഞ്ഞ്. തന്നെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന ധൈര്യം ചന്തുവിനുണ്ടായിരുന്നു എന്നു തോന്നുന്നു, പോലീസേ കണ്ടുപിടിക്കാന്‍ കഴിയുമെങ്കില്‍ കണ്ടു പിടിക്കൂ എന്ന് ചന്തു വെല്ലുവിളിച്ചു. ആ വെല്ലുവിളിയില്‍ പോലും ഒരു കുട്ടിത്തരമുണ്ടായിരുന്നു എന്നതാണ് സത്യം. ക്രമേണ ശ്രീയും ചന്തുവുമായി കൂട്ടായി.
“ ടീച്ചറേ, ഈ ചന്തുവൊരു വിചിത്ര മനുഷ്യന്‍ തന്നെ. നമ്മള്‍ തോറ്റു പോവും എന്നാ തോന്നുന്നത്.” ശ്രീ തന്റെ ആശങ്ക മറച്ചുവെച്ചില്ല.
പിന്നീട് ചന്തുവിന്റെ മെയിലുകള്‍ ഞങ്ങളെ രണ്ടുപേരെയും അതിസംബോധന ചെയ്തായി.
“ പ്രിയപ്പെട്ട പോലീസും തുമ്പിയും വായിച്ചറിയുവാന്‍... നിങ്ങള്‍ പേരു നല്‍കിയ ചന്തു എഴുതുന്നത്. എന്തെന്നാല്‍, അവിടെ എല്ലാവര്‍ക്കും സുഖം എന്നു കരുതുന്നു. ഇവിടേയും എല്ലാവര്‍ക്കും സുഖം. സുഖം എന്തൊരു ബോറന്‍ വര്‍ത്തമാനം അല്ലേ? അതെ, ഇങ്ങനെയൊക്കെ കൊത്തിപ്പറിഞ്ഞ് നിങ്ങളെയൊന്നു ബോറടിപ്പിക്കാനാണ് എന്റെ തീരുമാനം. (എന്തു ചെയ്യാന്‍, നിങ്ങള്‍ രണ്ടും എന്റെ മനസ്സില്‍ നിന്നു പോവുന്നില്ല. നിരന്തരം സംസാരിച്ചു കൊണ്ടിരിക്കാന്‍ തോന്നാ. ) ഇങ്ങനെ ഓരോന്നു പറഞ്ഞു വെറുപ്പിച്ചാല്‍ പിന്നെ നിങ്ങളെന്നെ ബ്ലോക്ക് ചെയ്യുമല്ലോ? അതു മതി എനിക്ക് പുറത്തു കടക്കാന്‍. പൊലീസിന് ഇതൊന്നും ഇഷ്ടമാവില്ലെന്നറിയാം. പുല്ലാണ്, പുല്ലാണ് പൊലീസ് നമുക്ക് പുല്ലാണ്... ”

കുട്ടിത്തത്തോടെ കൂവി വിളിച്ച് ഓടിപ്പോവുന്ന ചന്തുവിന്റെ ആ മെയില്‍ കണ്ട് ശ്രീ ചോദിച്ചു: “ അല്ല ടീച്ചറേ, രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച പഴംകഥയിലെ ആ കുട്ടി ഇനി ചിലപ്പോള്‍ നമ്മുടെ ഈ ചന്തു എങ്ങാനുമാണോ? ” ശ്രീയുടെ ചോദ്യത്തില്‍ അതിശയത്തിനു പ്രസക്തിയില്ലായിരുന്നു. കാരണം ചന്തു അങ്ങനെ തന്നെയായിരുന്നു. മനസ്സില്‍ തോന്നിയതൊക്കെ അതുപോലെ പറയാനുള്ള ധൈര്യം എപ്പോഴും കാണിച്ചിരുന്നു. അതുകൊണ്ടാണ് ആദ്യം ഞങ്ങളുടെ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചു കൊണ്ട് ചന്തു ശ്രീയ്ക്ക് അയച്ച മെയില്‍. എന്നോടും അതേ ചോദ്യം തന്നെ ചന്തു ആവര്‍ത്തിച്ചു. ഞാനന്ന് ദീര്‍ഘമായ ഒരു മറുപടി എഴുതി. അതു അതുപോലെ തന്നെ ചന്തു ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ഞങ്ങളെ തെറ്റിദ്ധരിച്ചു പോയതിന് ഞങ്ങളോട് മാപ്പും ചോദിച്ചു. അന്ന് ചന്തു ശ്രീക്ക് അയച്ച മെയിലില്‍ ഹൃദയത്തില്‍ തൊടുന്ന കുറേ വരികളുണ്ടായിരുന്നു. അതെന്റെ കണ്ണു നനയിച്ചു.
“ പ്രിയ പോലീസേ,
ഞാനെങ്ങോട്ടും പോവുന്നില്ല,
നിങ്ങളെന്റെ കഴുത്തിനു പിടിക്കില്ലയെങ്കില്‍.
ഓര്‍ക്കുട്ടിലെ ഊഹം, എനിക്കൊരമളി പറ്റിയതാ.
നിങ്ങളെ കുറിച്ചൊന്നും എനിക്കധികം അറിയില്ലല്ലോ!
എന്റെ ഓര്‍മ്മയിലെ ഒരു സഹോദരിയെ പോലെ സാമ്യം തോന്നിയിരുന്നു നിങ്ങളുടെ ആമിയോട്..
അതുകൊണ്ടാ ഞാനവരെ തുമ്പി എന്നു വിളിച്ചത്...
.........................................................................................
ഒട്ടനവധി ചങ്ങാതിമാര്‍ അവര്‍ക്കുണ്ടായിട്ടും
എന്തോ ഏകാന്തതയും വിഷമങ്ങളും ഞാനവരില്‍ കണ്ടിരുന്നു.
അതൊക്കെ പരിഹരിക്കാനും
പങ്കുവെയ്ക്കാനും താല്‍പ്പര്യം കാണിയ്ക്കുന്നത് നിങ്ങളോടാണെന്നും എനിക്കു മനസ്സിലായിരുന്നു.
എന്റെ തല്ലിപ്പൊളി കണ്ണായതു കൊണ്ട്
ഞാനതിനെ പ്രണയമാണെന്നു തെറ്റിദ്ധരിച്ചു.
അതിലുമൊക്കെയപ്പുറമാണ് നിങ്ങളോടവര്‍ക്കുള്ള ബന്ധം.
എന്നോടു ക്ഷമിക്കുക.

നല്ല സ്‌നേഹത്തോടെ
തല്ലിപ്പൊളി ”


ചന്തുവിന്റെ ഓരോ മെയിലുകളും ഞങ്ങള്‍ക്ക് ചര്‍ച്ചാവിഷയമായി: “ അയാള്‍ നന്മയുള്ള മനുഷ്യനാണ്... ” ഓരോ ചര്‍ച്ചകള്‍ക്കൊടുവിലും ശ്രീ പറഞ്ഞു കൊണ്ടിരുന്നു. ശ്രീ ചന്തുവുമായി വല്ലാതെ അടുക്കാന്‍ തുടങ്ങുകയായിരുന്നു. സ്‌കോട്ട്‌ലാന്റിലെ ഏകാന്തവാസത്തിനിടയില്‍ ശ്രീക്ക് ഏറെ ആശ്വാസമായി മാറിയത് ചന്തുവിന്റെ മെയിലുകളാണ്. ഇടയ്ക്ക് നീണ്ട വോയിസ് മെയില്‍ മേസ്സേജുകള്‍ ശ്രീ, ചന്തുവിനായി അയക്കും. ചന്തു അത് നൂറാവര്‍ത്തി കേള്‍ക്കും.
എന്നിട്ട് എഴുതും:

“ പ്രിയപ്പെട്ട ശ്രീ,
ശ്രീയുടെ ദീര്‍ഘിച്ച സംഭാഷണം കേള്‍ക്കാന്‍ ഇന്നലെ ഞാന്‍ പുറമെ പോവേണ്ടി വന്നു. നന്നായി കേള്‍ക്കുന്നുണ്ടുട്ടോ. ടണ്‍ കണക്കിനില്ലെങ്കിലും കിലോകണക്കിന് ഫണ്ണുമായി ഒരു എഫ്. എം സ്റ്റേഷന്‍ തുടങ്ങാനുള്ള ആലോചനയിലാണ് ഞാന്‍. ശ്രീ വെറുതെ സ്‌കോട്ട്‌ലാന്റിലൊന്നും പോയി ഇത്രയേറെ ജോലി ചേയ്യേണ്ട. നിങ്ങളെ പ്രോഗ്രാം ഡയറക്ടറായി നിയമിക്കും. നല്ല സാലറി തരും. അതില്‍ ഗാന്ധിമാര്‍ഗ്ഗം നിങ്ങള്‍ ചെയ്യണംട്ടോ. മനോഹര ശബ്ദത്തിനുടമയായ മുത്തേ നിനക്കൊരുമ്മ.”
ഞാന്‍ ശ്രീയെ കണക്കിനു കളിയാക്കും: “ കള്ളനെ പിടിക്കാന്‍ പോയ പോലീസാണ്. ഇപ്പോള്‍ കണ്ടില്ലേ കള്ളനുമായാ കൂട്ട്. ബെസ്റ്റ് മാഷ്. ”
സംഗീതം, പ്രപഞ്ചോല്‍പ്പത്തി, ബാല്യം.... ശ്രീയും ചന്തുവും തമ്മില്‍ സംസാരിക്കാത്ത വിഷയങ്ങളില്ല. പക്ഷേ, അപ്പോഴും തന്നെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും പറയാതിരിക്കാന്‍ ചന്തു ശ്രദ്ധിച്ചു കൊണ്ടേയിരുന്നു...
അതില്‍ കുറ്റബോധവുമുണ്ടായിരുന്നു ചന്തുവിനെന്നു തോന്നുന്നു.
ഇടയ്‌ക്കെപ്പോഴോ എഴുതി...
“ പറ്റിക്കുന്നുണ്ടോ ഞാന്‍?
ഒരു തരം നില്ക്കകള്ളിയില്ലായ്മ ഉണ്ട്, മാനസികമായി..
അതുകൊണ്ടാ... എന്നെ കുറിച്ചൊന്നും പറയാത്തത്..
വല്ലാത്ത വേദനയുണ്ട്്...
ഇപ്പോള്‍ പതുക്കെ ദൈവ സമര്‍പ്പണത്തിനുള്ള ഒരുക്കത്തിലാണ്...
വിശദമായി പിന്നെ പറയാം..
എന്നെ വെറുക്കരുതേ...
സ്‌നേഹത്തോടെ
............... ”
പേരിനു പകരം കുറേ കുത്തുകളിട്ടുവെച്ചു ചന്തു.

ഇടയ്ക്ക് നിശബ്ദത... ചിലപ്പോള്‍ നീണ്ട മെയിലുകള്‍, ഭംഗിയായി മലയാളത്തില്‍ ടൈപ്പ് ചെയ്ത് ജെ പി ജി ഫയലായി അയച്ചു തരും... മഴ കൊണ്ട് മണ്ണിലിറങ്ങി കളിച്ച കഥയൊക്കെ പറയും. പിന്നെ സ്വയം നാണിക്കും: “ അയ്യേ, ഇതൊക്കെ പറഞ്ഞ് പിന്നീട് നിങ്ങളുടെ മുന്നിലെങ്ങാന്‍ വന്നു പെട്ടുപോയാല്‍ ഞാന്‍ ചമ്മി ചത്തു പോവും- ആണുങ്ങള്‍ക്ക് പേരുദോഷമുണ്ടാക്കാനായിട്ട്. പൊട്ടന്‍. ”
വായിക്കുമ്പോള്‍ ഞങ്ങള്‍ സ്വയം ചിരിച്ചു പോവും... മുന്നില്‍ വന്നു നിന്നു പറയുന്നതു പോലെ... അത്ര ലൈവായിരുന്നു ചന്തുവിന്റെ മെയിലുകള്‍. ഇടയ്ക്ക് ഒരു ദിവസം, ഒരു സര്‍പ്രൈസ് തരട്ടെ എന്ന മുഖവുരയോടെ എന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ചന്തുവിനോട് പറഞ്ഞതും ശ്രീയാണ്.
വിവാഹ മംഗളാശംസകള്‍ നേര്‍ന്നതോടൊപ്പം കൃഷ്ണാജി നല്ല ആളാണല്ലോ എന്ന് തിരക്കാനും ചന്തു മറന്നില്ല. ഒപ്പം ശ്രീയോട് ഒരപേക്ഷയും, “ എന്നും ഒരു സഹോദരനെ പോലെ, നല്ല സുഹൃത്തായി നിങ്ങള്‍ എപ്പോഴും അവരെ ശ്രദ്ധിക്കണം.”
“ ഏട്ടന്‍മാരില്ല എന്ന നിന്റെ പരാതി തീര്‍ന്നല്ലോ? ” ശ്രീയെന്ന കളിയാക്കി. പിന്നീടുള്ള മെയിലുകളില്‍ കൃഷ്ണാജിക്കുള്ള അന്വേഷണങ്ങളും കാണും. ഞാനും കൃഷ്ണാജിയും എഴുതുന്ന നുറുങ്ങ് ലേഖനങ്ങള്‍ വരെ ചന്തു തേടി പിടിച്ച് വായിക്കും. അഭിപ്രായം പറയും. അതൊന്നും കിട്ടാത്ത നാട്ടില്‍ കിടക്കുന്ന ശ്രീക്ക് ഓരോ ലേഖനങ്ങളുടെയും സാരാംശം ചന്തു പറഞ്ഞു കൊടുക്കും. ഇടയ്ക്ക് നര്‍മ്മം തുളുമ്പുന്ന മെയിലുകളും കാണും.

പക്ഷികളോടും പ്രാണികളോടും ഇഴജന്തുക്കളോടുമൊക്കെ വലിയ ഇഷ്ടമായിരുന്നു ചന്തുവിന്. മിക്ക മെയിലിലും കാണും നാഗമോഹന്‍ പക്ഷിയും തുന്നാരന്‍ കിളിയും ചിന്നക്കുട്ടുറവനും ചൈനീസ് മഞ്ഞക്കിളികളും മൈനയും കാക്കകുയിലും കാക്കയും മണ്ണാത്തിക്കിളിയും ആനറാഞ്ചിയുമൊക്കെ... യാത്രകളെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്ന ചന്തു ഒരിക്കല്‍ എഴുതി..
“ കാട്ടിനുള്ളിലൂടെ കുറേ ദൂരം നടന്നു. അപ്പോഴാണ് വെള്ള നീളന്‍ കുപ്പായമണിഞ്ഞ് ഒരു മാലാഖ ഒളിച്ചിരിക്കുന്നത് കണ്ടത്. നാഗമോഹന്‍ പക്ഷിയായിരുന്നു അത്. സുന്ദരി എന്നു വിളിക്കാനൊക്കില്ലല്ലോ..ആണല്ലേ അത്. അതിന്റെ പെണ്ണൊരു മണ്‍കളറുള്ള കുള്ളത്തി കറുത്ത തൊപ്പിക്കാരിയാണ്. നോക്കണേ, സത്യത്തില്‍ പെണ്ണുങ്ങളെയൊന്നും കാണാന്‍ കൊള്ളില്ല. (തുമ്പി, കോപിക്കല്ലേ... ജീന്‍സിടുന്ന പെണ്‍കുട്ടികളെയൊക്കെ ആണ്‍ക്കുട്ടികളുടെ സംസ്ഥാനസമ്മേളനം അംഗീകരിച്ചിട്ടുണ്ട്.) ”
വിവാഹതിരക്കുകള്‍, ജോലി മാറ്റങ്ങള്‍....തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക്... നെറ്റില്‍ കയറാന്‍ പോലും ചിലപ്പോള്‍ സമയം കിട്ടില്ല... ചന്തുവിന്റെ മെയിലുകള്‍ക്ക് മറുപടി കൊടുക്കാന്‍ കഴിയാതെയായി പലപ്പോഴും.. പക്ഷേ ഒരു ദിനചര്യയെന്ന പോലെ ഞങ്ങളുടെ വിശേഷങ്ങള്‍ ചന്തു തിരക്കി കൊണ്ടിരുന്നു... ശ്രീ, ചന്തുവിന്റെ മെയിലുകള്‍ക്കൊക്കെ മറുപടി നല്‍കും... വിശേഷങ്ങള്‍ എന്നെ അറിയിക്കും... അവസാനമായപ്പോഴേക്കും എല്ലാറ്റില്‍ നിന്നും മാനസികമായി അകലാനുള്ള തയ്യാറെടുപ്പിലായിരുന്നു ചന്തു. വാക്കുകളില്‍ സന്യാസം, വല്ലാതെ കൊതിപ്പിക്കുന്ന അവസ്ഥയായി കടന്നു വന്നു പലപ്പോഴും... പിന്നെ എന്തൊക്കെയോ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടും... ജോലി മാറ്റവും പഠനവും ഒക്കെ കൊണ്ട് ശ്രീയും അതിനിടെ ബിസ്സിയായി... ചന്തു മെയിലുകള്‍ ചെയ്തിരുന്നു.. പക്ഷേ റിപ്ലേ ചെയ്യാന്‍ ശ്രീ യ്ക്കു പറ്റിയില്ല... എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് ശ്രീ തിരിച്ചു വന്നപ്പോഴേക്കും ചന്തുവിനെ കാണാനില്ലായിരുന്നു... അയച്ച മെയിലുകള്‍ക്കൊന്നും മറുപടിയില്ല... വേദനയോടെ ശ്രീ വിളിച്ചു: “ ടീച്ചറേ, ചന്തു എവിടെയോ പോയി... എന്റെ അടുത്താ തെറ്റുപറ്റിയത്... എന്റെ തിരക്കുകള്‍... അവനെ ഞാന്‍ അവഗണിച്ചതു പോലെ തോന്നി കാണും.... ”
പലപ്പോഴും ശ്രീയുടെ ശബ്ദം ഇടറി. “ ഐ മിസ്സ് ഹിം എ ലോട്ട്.... ” ചിലപ്പോള്‍ അതുമാത്രമെഴുതി അയക്കും ശ്രീ. അവര്‍ക്കിടയിലെ സൗഹൃദം എത്ര ദൃഢപ്പെട്ടിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു... എനിക്കും കുറ്റബോധം തോന്നി തുടങ്ങി... തിരക്കുകളെ പഴി ചൊല്ലുമ്പോഴും വേണമെങ്കില്‍ കാത്തു സൂക്ഷിക്കാമായിരുന്നു ആ സൗഹൃദമെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു.
ഞങ്ങള്‍ ഇടയ്ക്ക് ചന്തുവിന്റെ ബ്ലോഗില്‍ പോയി നോക്കും: തുമ്പി....
ആത്മാവിനെ സ്പര്‍ശിക്കുന്ന വരികള്‍ എഴുതുന്ന, ഒരുപാട് പ്രതിഭയുള്ള, വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ പ്രാപ്തിയുള്ള ഒരു കവിയെ അവിടെ പലവട്ടം ഞങ്ങള്‍ വായിച്ചു.
മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...
പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...
എന്ന് തനിക്ക് നിര്‍വച്ചനമെഴുതി ചന്തു കുറിച്ചു വെച്ച വാക്കുകള്‍:

നിന്നെ മറന്നെന്നോ?

( നീ പാതി)
നീ കോറിയിട്ട മൈലാഞ്ചി കുസൃതികള്‍
ഇപ്പോഴുമെന്റെ കൈതണ്ടയിലുണ്ട്.
നീ തന്ന മഞ്ചാടിമണികള്‍ക്കിപ്പോള്‍
ഇലകള്‍ മുളച്ചു.
നിറ നിലാ പൊലിമയില്‍ നീ അന്നു കാട്ടി തന്ന,
നക്ഷത്രങ്ങളെ ഉമ്മ വെക്കുന്ന
രാത്രി മേഘങ്ങളാണെനിക്കിപ്പോഴും കൂട്ട്.

(ദൈവം പാതി)
നീ തന്ന പൂവിതളിലിരുന്നാണ് ഞാനിപ്പോഴും
പുഴ കടക്കാറുള്ളത്.
നിന്റെ പൂമ്പാറ്റ ചിറകിലിരുന്നാണ്
ഇപ്പോഴുമെന്റെ ആകാശസഞ്ചാരം.
നിന്റെ കണ്ണുകളാല്‍ വെളിച്ചമിട്ട
വഴികളിലാണെന്റെ നടത്തം.
രാത്രിയിലെന്റെ മിഴിയടയുന്നത് നിന്നിലേക്ക്.
എന്റെ പകലുകള്‍ നീ തന്ന സൗജന്യം.

(മന്ധരയെന്റെ വേരറുക്കുമ്പോള്‍
നീയാണിപ്പോഴുമെന്റെ
കാലടികളെ മണ്ണോടണച്ചു നിര്‍ത്തുന്നത്.)

മഞ്ചാടിമണികള്‍ക്ക് ഇല മുളയ്ക്കുന്നത് കിനാവു കാണാനും ഒരു കുഞ്ഞു പൂവിതളില്‍ ഇരുന്ന് പുഴ കടക്കാനും പൂമ്പാറ്റ ചിറകിലിരുന്ന് ആകാശസഞ്ചാരം നടത്താനുമൊക്കെ ചന്തുവിനു മാത്രമേ കഴിയൂ എന്ന് ഞങ്ങളിപ്പോഴും വിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസം ശ്രീ വിളിച്ചപ്പോള്‍ വീണ്ടും ചന്തു ഞങ്ങളുടെ സംസാരവിഷയമായി.
“ ടീച്ചര്‍, എനിക്ക് ഒരിക്കല്‍ ചന്തുവിനെ കാണണം. ഒരൊറ്റ തവണ മാത്രം.” ഇടറുന്ന സ്വരത്തില്‍ ശ്രീ പറഞ്ഞു. “ നമുക്ക് കണ്ടെത്താം മാഷേ...” ഞാന്‍ വെറുതെ വാക്കു കൊടുത്തു.
“ ഈ മാര്‍ച്ച് അവസാനം ഞാന്‍ നാട്ടില്‍ വരുന്നുണ്ട്. തിരിച്ചു പോവും മുമ്പ് എനിക്കു ചന്തുവിനെ കാണാന്‍ കഴിയുമോ? ”
ശ്രീയുടെ ചോദ്യത്തിന എന്തുത്തരം കൊടുക്കണമെന്നറിയാതെ ഞാന്‍ അശക്തയായി.
ആരെയാണ് ഞങ്ങള്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നത്- മുഖമില്ലാത്ത, സ്വരമില്ലാത്ത, ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടുകാരനെ?
തിരഞ്ഞു കണ്ടു പിടിക്കാന്‍ ഞങ്ങളുടെ കയ്യില്‍ എന്തു തെളിവാണുള്ളത്, ഞങ്ങള്‍ തന്നെയേകിയ ചന്തുവെന്ന പേരും ഒരു ഐടിയുമല്ലാതെ.....
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടേക്കു വേണമെങ്കിലും അപ്രത്യക്ഷനാക്കാന്‍ കഴിയുന്ന ഈ സൈബര്‍ ലോകത്ത് മെയില്‍ ബോക്‌സ് തുറന്നു വെച്ച് ഞങ്ങള്‍ ആരെയാണ് തിരയുന്നത്? ശൂന്യതയിലേക്ക്, ഒരു വാക്കും മിണ്ടാതെ നടന്നു പോയ ഞങ്ങളുടെ പ്രിയപ്പെട്ട ഒരു സുഹൃത്തിനെയോ?
“ എന്തു പറ്റിയിട്ടുണ്ടാകാം ചന്തുവിന്? ”
എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തന്നിരുന്ന ശ്രീയുടെ വേദന നിറഞ്ഞ ഈ ചോദ്യത്തിന് എനിക്കു നല്‍കാവുന്ന ഉത്തരം മൗനം മാത്രമാണ്.