Friday, December 10, 2010

ഇളം മഞ്ഞിന്‍ കുളിരുമായി ഗവി

ജോലിത്തിരക്കുകളില്‍ നിന്നും മടുപ്പിക്കുന്ന ദിനരാത്രങ്ങളില്‍ നിന്നുമകന്ന് കാടിന്റെ സംഗീതവും കുളിര്‍മയും ശുദ്ധവായുവും ലഭിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ചില്ലാത്ത, സ്വര്‍ഗം പോലെ സുന്ദരമായ ഒരിടത്തേക്ക് യാത്ര പോവണമെന്ന് കൊതിക്കുന്നുണ്ടോ നിങ്ങള്‍? എങ്കില്‍ വരൂ, നമുക്ക് ഗവിയിലേക്ക് പോവാം.

ഗവിയിലേക്കാണ് യാത്രയെന്നു പറഞ്ഞപ്പോള്‍ പലരും തിരക്കി, അതെവിടെയാ ഈ ഗവി? പത്തനംത്തിട്ടജില്ലയിലെ കാനനഭംഗിയേറിയ ഒരിടമാണ് ഗവിയെന്നു പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം. അങ്ങനെയുമൊരു സ്ഥലമോ? കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അധികം ഉച്ചരിക്കപ്പെടാതെ കിടക്കുന്ന വനസുന്ദരിയാണ് ഗവി. പേരു കൊണ്ട് മാത്രമല്ല ഗവി വിദേശരാജ്യങ്ങളെ ഓര്‍മ്മിക്കുന്നത്, അതിന്റെ വശ്യമനോഹരമായ രൂപഭംഗി കൊണ്ടും കൂടിയാണ്. മഴയത്തും വെയിലത്തുമൊക്കെ മഞ്ഞുമൂടി കിടക്കുന്ന ഗവിയുടെ തടാക്കക്കര ഞങ്ങളെ ഓര്‍മ്മിപ്പിച്ചത് ഏതോ യൂറോപ്യന്‍ രാജ്യത്തെത്തിയ പ്രതീതിയാണ്.മഴയ്‌ക്കൊപ്പം ഒരു യാത്ര
എറണാകുളത്തു നിന്ന് ഗവിയിലേക്കു പുറപ്പെടുമ്പോള്‍ ഒപ്പം കൂടിയ മഴ മാത്രമായിരുന്നു യാത്രയില്‍ ഞങ്ങളെ അലോസരപ്പെടുത്തിയ ഏക ഘടകം. മഴയത്ത് നനഞ്ഞു കുതിര്‍ന്ന ഗവി ഈ യാത്രയുടെ സൗന്ദര്യം ഇല്ലാതാക്കുമോ എന്ന്. എന്നാല്‍ മഴയത്ത് കാടു കയറുന്നതിന്റെ തീക്ഷ്ണമായ ഭംഗിയാണ് ഗവി ഞങ്ങള്‍ക്കു കാണിച്ചു തന്നത്.
കോട്ടയവും പീരുമേടും വണ്ടിപ്പെരിയാറുമൊക്കെ കഴിഞ്ഞ് കോണിമറ ജഗ്ഷനില്‍ എത്തിയ ഞങ്ങളെ കാത്ത് ഗവിയിലെ ഗസ്റ്റ് ഹൗസുകളില്‍ ഒന്നായ പച്ചക്കാനം എസ്റ്റേറ്റ് ബംഗ്ലാവിന്റെ കെയര്‍ ടെയ്ക്കര്‍ ബേബി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ( ഗവിയില്‍ ആകെ രണ്ട് ഗസ്റ്റ്ഹൗസുകളെ ഉള്ളൂ. അതില്‍ ഒന്നാണ് പച്ചക്കാനം എസ്റ്റേറ്റ് ബംഗ്ലാവ്. രജ്ഞുവെന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ ഗസ്റ്റ്ഹൗസ്. മറ്റൊന്ന് കെഎഫ്ഡിസി യുടെ റോയല്‍ മാന്‍ഷസ് ആണ്.) ബേബിയെ കണ്ടപ്പോള്‍ യാത്രാ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പറായ മൂന്നാം ക്ലാസ്സുകാരി അഥീന അത്ഭുതം കൂറി, ഇത്ര വലിയ മനുഷ്യനാരാണ് ബേബി എന്നു പേരിട്ടത്? അഥീനയുടെ കമന്റ് പടര്‍ത്തിയ ചിരിയില്‍ ബേബിയും കൂടി.

ഏതു മലമേട്ടിലേക്ക് ഓടി കയറാനും ഞാന്‍ തയ്യാറാണെന്ന ആത്മവിശ്വാസത്തോടെ ബേബിയുടെ ജീപ്പും യാത്രയ്ക്കു തയ്യാറായി. മുന്നിലെ ജീപ്പില്‍ ബേബിയും പിന്നിലെ ടവേരയില്‍ ഞങ്ങളും. കാട്ടുപ്പാതകളിലൂടെയുള്ള യാത്ര അവിടെ നിന്നാണ് തുടങ്ങിയത്. വണ്ടിപ്പെരിയാര്‍ കഴിഞ്ഞാല്‍ ആദ്യത്തെ ചെക്ക്‌പോസ്റ്റ് വള്ളക്കടവിലാണ്. ബേബി തന്നെ ചെക്ക്‌പോസ്റ്റില്‍ ചെന്ന് ഞങ്ങള്‍ക്ക് കാടിനകത്തേക്ക് പ്രവേശിക്കാനുള്ള അനുമതി വാങ്ങി. ടൈഗര്‍ റിസര്‍വ് ഏരിയയാണ് ഗവി. ചെക്ക്‌പോസ്റ്റില്‍, മുന്നോട്ടുള്ള പാതയില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു, കാടിനുള്ളില്‍ അമിതമായ ശബ്ദം ഉണ്ടാക്കാന്‍ പാടില്ല. ഹോണടികളും അമിത സ്പീഡും പാടില്ല. ഏതു നിമിഷവും റോഡിനു കുറുകെ കൂടി നടന്നു വരാന്‍ സാധ്യതയുള്ള കാട്ടുമൃഗങ്ങളെ മനസ്സില്‍ കണ്ടുവേണം ഡ്രൈവ് ചെയ്യാന്‍. ആ നിര്‍ദ്ദേശങ്ങളുടെ ബോര്‍ഡ് ഒരര്‍ത്ഥത്തില്‍ ഞങ്ങളെ ഉത്സാഹരാക്കുകയാണ് ചെയ്തത്. കാട്ടുമൃഗങ്ങളുള്ള നിബിഡവനമാണ് മുന്നില്‍. അതെ, തീര്‍ത്തും വ്യത്യസ്തമാര്‍ന്ന ഒരു യാത്രാനുഭവം ഞങ്ങളെ കാത്തിരിക്കുന്നു.....

കാടിന്റെ സംഗീതം
നീരുറവകള്‍ പൊടിയുന്ന കാട്ടുപ്പാതകളിലൂടെ പെയ്തു തോരാത്ത മഴനൂലുകള്‍ക്കൊപ്പം ഞങ്ങള്‍ യാത്ര തുടര്‍ന്നു. കണ്ണീരുപോലെ തെളിഞ്ഞ വെള്ളം റോഡില്‍ പലയിടങ്ങളിലും തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. വീഗാലാന്റിലെ വാട്ടര്‍ സ്പ്ലാഷിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് രണ്ടുവശത്തേക്കും വെള്ളം ചിതറിച്ചു കൊണ്ട് ഞങ്ങളുടെ ടവേര മുന്നോട്ടു കുതിച്ചു. വള്ളക്കടവില്‍ നിന്നും 17 കിലോമീറ്റര്‍ യാത്രയുണ്ട് ഗവിയിലേക്ക്. അഭൂതപൂര്‍വ്വമായ ശാന്തതയും കാടിന്റെ സ്വച്ഛതയും ശുദ്ധവായുവിന്റെ സാന്നിധ്യവും എല്ലാറ്റിനുമുപരി മൊബൈല്‍ ടവറുകളുടെ പരിധിക്കു പുറത്തായ മണിയടി ശബ്ദം നിലച്ച ഞങ്ങളുടെ മൊബൈലുകളും അനിര്‍വചനീയമായ ഒരു യാത്രാസുഖമാണ് പകര്‍ന്നത്. നേരം 12 മണിയോട് അടുത്തിരുന്നുവെങ്കിലും കട്ടപിടിച്ച മഞ്ഞാണ് എങ്ങും. മഞ്ഞിനെ തുളച്ചുകയറി വഴി കണ്ടെത്തി ഞങ്ങളുടെ ജീപ്പ് മുന്നോട്ട് കുതിച്ചു. മുന്നോട്ടു നോക്കിയാലും പിന്നോട്ടു നോക്കിയാലും മഞ്ഞുമാത്രം!
സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന സ്ഥലമാണ് ഗവി. 18 കിലോമീറ്ററോളം കൊടുംക്കാടാണ് ഇപ്പോഴും. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. പമ്പ നദിയുടെ ഉത്ഭവസ്ഥലത്തേക്ക് ഗവിയില്‍ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റര്‍ അകലമേയുള്ളൂ. പുല്ലുമേട്- ഉപ്പുപ്പാറ വഴി ശബരിമലയിലേക്കുള്ള കുറുക്കുവഴിയും ഈ വനപാതയിലുണ്ട്. ആനയും പുലിയും കാട്ടുപോത്തുമൊക്കെ സുലഭമായ കാണുന്ന ഗവിയിലെ വനംപ്രദേശം പ്രകൃതിസ്‌നേഹികളുടെയും ഇഷ്ട ലൊക്കേഷനുകളില്‍ ഇടം നേടിയിരിക്കുന്നു.

പച്ചക്കാനത്തെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കാണ് ബേബി ഞങ്ങളെ നയിച്ചത്. ഏലത്തോട്ടങ്ങള്‍ക്കു നടുവിലെ ആ എസ്റ്റേറ്റ് ബംഗ്ലാവ് പ്രകൃതിയെ ഒട്ടും മുറിപ്പെടുത്താത്ത രീതിയിലാണ് പണിതിരിക്കുന്നത്. ഇവിടെ ഭക്ഷണത്തോടു കൂടിയ ഹോംസ്റ്റേ സൗകര്യമുണ്ട്. ഒപ്പം ജംഗിള്‍ സവാരിക്ക് സന്നദ്ധനായി ഓപ്പണ്‍ ജീപ്പും ഡ്രൈവറും നിങ്ങള്‍ക്ക് അകമ്പടി വരികയും ചെയ്യും. എസ്റ്റേറ്റിലെ ചെറുഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വീണ്ടും ഇറങ്ങി, ഗവിയുടെ ഉള്ളറകളിലേക്ക്. അപ്പോഴേക്കും മഴ ഒരു ബ്രേക്ക് എടുത്ത് മാറി നിന്നിരുന്നു. മഴ നനഞ്ഞ കാനനപ്പാതയിലൂടെ കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും താണ്ടി ബേബിയുടെ ജീപ്പ് മുന്നോട്ടു കുതിച്ചു. ഈ വഴികളില്‍ ടവേര ഊര്‍ധന്‍ വലിക്കും എന്ന മുന്നറിയിപ്പു ബേബി മുന്നേ നല്‍കിയിരുന്നതുകൊണ്ട് ടവേര ഒഴിവാക്കി ബേബിയുടെ ജീപ്പിനെ ആശ്രയിക്കുകയായിരുന്നു ഞങ്ങള്‍. അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും മേടുകളുമൊക്കെയായി ഗവി ഞങ്ങളെ ഓരോ വളവിലും അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. ഗവിയുടെ കാഴ്ചകളില്‍ ആകൃഷ്ടരായി സ്വയം മറന്നുനിന്ന ഞങ്ങള്‍ക്ക് ഇടയ്ക്ക് ചില അമളികളും പിണഞ്ഞു, കൊള്ളക്കാരന്റെ ചാതുര്യത്തോടെ ശരീരത്തില്‍ കയറി കൂടിയ വലിയ അട്ടകള്‍! ചോരക്കുടിച്ച് മഞ്ചാടി വലിപ്പത്തില്‍ ആയപ്പോഴാണ് പലപ്പോഴും ഞങ്ങള്‍ ആ കൊള്ളക്കാരെ കണ്ടത്. ഫസ്റ്റ് എയ്ഡ് ബോക്‌സിനൊപ്പം കരുതിയിരുന്ന ഉപ്പുപൊടി വിതറി അവയെ തൂത്തെറിഞ്ഞുവെങ്കിലും അട്ടയെന്ന ഭയം അതോടെ പിടികൂടിയിരുന്നു.
( ഗവിയില്‍ സൂക്ഷിക്കേണ്ട ഏക ജീവികള്‍ അട്ടകളാണ്. )

ഗവി തടാകക്കരയായിരുന്നു ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യം. ഗവിയിലേക്കുള്ള വഴികള്‍ അവസാനിക്കുന്നതും ഈ തടാക്കക്കരയിലാണ്. ഇവിടെയാണ് കെഎഫ്ഡിസിയുടെ ഗ്രീന്‍ മാന്‍ഷല്‍സ്. തടാകക്കരയിലെ മഞ്ഞു തണുപ്പും ചാറ്റല്‍മഴയും കുളിര്‍കാറ്റും- ഒരു നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ പകര്‍ന്നെടുത്ത് മനസ്സിനും ശരീരത്തിനും പുതിയൊരുണര്‍വ്വ് ഗവി സമ്മാനമായി തന്നു. മഴക്കാലം ഏറ്റവും ഭംഗിയായി ആസ്വദിക്കാന്‍ കഴിയുന്ന ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നാണ് ഗവി. മണ്‍സൂണ്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.
വീണ്ടുമൊരിക്കല്‍ കൂടി ഗവിയില്‍ വരണമെന്ന മോഹത്തോടെയാണ് ഞങ്ങള്‍ ഗവിയോട് യാത്ര പറഞ്ഞത്. ആ യാത്രയില്‍ അവിസ്മരണീയമാക്കാന്‍ ഒരതിഥിയെ കൂടി ഗവി, വഴിയരികില്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുവച്ചിരുന്നു. ആനക്കൂട്ടമിറങ്ങാന്‍ സാധ്യതയുള്ള, ചീവീടുകള്‍ ജീവിതമാഘോഷിക്കുന്ന, സന്ധ്യയില്‍ മുങ്ങിതുടങ്ങിയ കാട്ടുപ്പാതയിലൂടെ വണ്ടി മെല്ലെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നപ്പോഴാണ് ആരോ ആ കാഴ്ച കണ്ടത്, ആനിമല്‍ പ്ലാനറ്റിലെ ദൃശ്യങ്ങളെ തോല്‍പ്പിക്കുന്ന കരുത്തും സൗന്ദര്യവും ആകര്‍ഷണീയതയുമായി കാട്ടിലെ ഫയല്‍വാനില്‍ ഒരുവന്‍ വഴിയരികില്‍!!! ദൃഢഗാത്രമായ ശരീരവും കറുപ്പും തവിട്ടും വെള്ളയും കൂടികലരുന്ന ആകര്‍ഷണീയതയും വെള്ളക്കൊമ്പുമൊക്കെയായി ഒരു കാട്ടുപ്പോത്ത്. കാട്ടുപ്പോത്തിനെ അത്ര അടുത്തു കണ്ടതോടെ കൂട്ടത്തിലെ പല 'മൃഗസ്‌നേഹി'കളുടെയും ധൈര്യം ചോര്‍ന്നുപോയി. ആ ധൈര്യശാലികളുടെ അയ്യോ... പോവാം... തുടങ്ങിയ നിലവിളികള്‍ കേട്ടിട്ടാവാം കാടിന്റെ ഇരുട്ടിലേക്കു തന്നെ ഒരു കുതി കുതിച്ചു കാട്ടുപ്പോത്ത്. ഒരു ഞൊടിയിട കൊണ്ട കാഴ്ചയില്‍ നിന്നും മറഞ്ഞുപോയ ആ കാട്ടുപ്പോത്തായിരുന്നു പിന്നീട് എല്ലാവരുടെയും സംസാരവിഷയം. ഗവിയിലെ കാടിറങ്ങിയിട്ടും മനസ്സില്‍ നിന്നിറങ്ങാതെ ആ സുന്ദരന്‍ കാട്ടുപ്പോത്ത് ഞങ്ങളെ അനുഗമിച്ചു കൊണ്ടേയിരിക്കുന്നു, ഇപ്പോഴും! കണ്ടുകൊതി തീരാത്ത, അനാവൃതമാവാത്ത ആ കാട്ടുപ്പോത്തിന്റെ സൗന്ദര്യമാണ് ഗവിക്കും. അനാവൃതമാവാത്ത സൗന്ദര്യത്തിന്റെ മൂടുപടത്തിനുള്ളില്‍ ഗവിയെന്ന വനസുന്ദരി ഒളിഞ്ഞിരിക്കുകയാണ്.


ബോക്‌സ്
എങ്ങനെ എത്താം
ഗവിയിലേക്ക് എത്താന്‍ പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത്.
കോട്ടയം, പീരുമേട്, വണ്ടിപ്പെരിയാര്‍, കോണിമറ ജംഗ്ഷന്‍, വള്ളക്കടവ് വഴി ഗവിയിലെത്താം.
മറ്റൊന്ന് പത്തനംത്തിട്ടയില്‍ നിന്നും സീതാത്തോട്, മൂഴിയാര്‍, കക്കിഡാം, ആനത്തോട്, പമ്പ ഡാം, പച്ചക്കാനം വഴിയും ഗവിയിലെത്താം.
കുമിളിയില്‍ നിന്നും വണ്ടിപ്പെരിയാര്‍, വള്ളക്കടവ് വഴിയും ഗവിയില്‍ എത്തിച്ചേരാം.
പത്തനംത്തിട്ടയില്‍ നിന്നും കുമിളിയിലേക്കുള്ള കെ. എസ്. ആര്‍. ടി. സി ബസ്സുകളും ഗവി വഴിയാണ് കടന്നു പോവുന്നത്. ഈ വഴി കെ. എസ്. ആര്‍. ടി. സിയുടെ രണ്ട് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പത്തനംത്തിട്ടയില്‍ നിന്നും ഗവിയിലേക്ക് 101 കിലോമീറ്റര്‍ ഉണ്ട്. രാവിലെ ആറു മണിക്കു മുമ്പും വൈകിട്ട് ആറിനു ശേഷവും വനപാതയിലേക്ക് പ്രവേശനമില്ല. വണ്ടിപ്പെരിയാര്‍ ഭാഗത്തു നിന്നു വരുന്നവരെ വള്ളക്കടവിലും സീതാത്തോട് ഭാഗത്തുനിന്ന് വരുന്നവരെ കൊച്ചാണ്ടി ചെക്ക്‌പോസ്റ്റിലും തടയും.
താമസസൗകര്യത്തിന് വിളിക്കുക:
1. പച്ചക്കാനം എസ്റ്റേറ്റ് ബംഗ്ലാവ്- ഫോണ്‍: 98956 12446
2. റോയല്‍ മാന്‍ഷന്‍സ്: 99472 18015, 94472 00360


കടപ്പാട്: ശ്രീ. രജ്ഞു, എം.ഡി, പച്ചക്കാനം എസ്‌റ്റേറ്റ് ബംഗ്ലാവ്,
കിഷോര്‍ കുമാര്‍, മാനേജര്‍, റോയല്‍ മാന്‍ഷന്‍സ്.

( 2010 ഡിസംബര്‍ ലക്കം ഗസ്റ്റ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത് )

2 comments:

  1. വിവരങ്ങള്‍ക്ക് നന്ദി

    ReplyDelete
  2. നന്നായിരിക്കുന്നു!!
    ആശംസകള്‍!!

    ReplyDelete